മഹാത്മാ ഗാന്ധി വധം: പുനരന്വേഷണം വേണ്ടെന്ന് റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: രാഷ്ട്രപിതാവ് മാഹാത്മ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ അമരീന്ദ്ര ശരണ്‍ ആണ് ജസ്റ്റീസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആറ് പതിറ്റാണ്ടിനു ശേഷം വധക്കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം 12ന് ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ റിപ്പോര്‍ട്ടും പരിഗണിക്കാമെന്ന കോടതി വ്യക്തമാക്കി. നിരവധി തെളിവുകള്‍ പരിശോധിക്കാനുണ്ടെന്നും വധത്തില്‍ വിദേശ ഏജന്‍സിയുടെ പങ്കിലേക്കാണ് അത് തുറക്കുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നാഥുറാം ഗോഡ്‌സെയുടെ തോക്കില്‍ നിന്നുള്ള വെടിയേറ്റല്ല ഗാന്ധിജി മരിച്ചതെന്ന് ആരോപിച്ച് മുംബൈയിലെ അഭിനവ് ഭാരത് എന്ന സംഘടനയുഖെട അധ്യക്ഷന്‍ ഡോ് പങ്ക് ഫഡ്‌നീസ് ആണ് കോടതിയെ സമീപിച്ചത്.
എന്നാല്‍ ചില വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അതിനുള്ള മതിയായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അഡ്വ.ശരണ്‍ പറയുന്നു. ഗോഡ്‌സെയുടെ തോക്കില്‍ നിന്നുള്ള നാലാമത്തെ വെടിയേറ്റാണ് ഗാന്ധിജി മരിച്ചത്. ഇക്കാര്യം കോടതികള്‍ അടക്കം ശരിവച്ചതും കുറ്റക്കാരെ ശിക്ഷിച്ചതുമാനണ്. വധത്തിനു പിന്നിലുള്ള ഗൂഢാലോചനയും ആശയവിഷയവും വ്യക്തമാണ്. മറ്റൊരു സംശയത്തിനും ഇടനല്‍കുന്ന ഒരു വസ്തുതയും പുറത്തുവന്നിട്ടില്ല. വിഷയം പുനപരിശോധിക്കുന്നതിനോ പുതിയ വസ്തുതാ പഠന കമ്മീഷന്‍ രൂപീകരിക്കുന്നതിനോ നിലവില്‍ സാഹചര്യമില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നാഥുറാം ഗോഡ്‌സെയെ കൂടാതെ ഒരു ‘അജ്ഞാതനായ ഒരാളും’ കൊലയില്‍ പങ്കെടുത്തിരുന്നുവെന്ന ആരോപണത്തിന് യാതൊരു തെളിവുമില്ല. അജ്ഞാതനായ ആളുടെ തോക്കില്‍ നിന്നുള്ളതാണ് ഗാന്ധിയുടെ മരണത്തിലേക്ക് നയിച്ച നാലാമത്തെ ബുള്ളറ്റ് എന്ന ആരോപണത്തിലും കഴമ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീര്‍ സവാര്‍ക്കറുടെ ആശയങ്ങള്‍ സ്വീകരിച്ച് 2001ല്‍ രൂപീകരിച്ച സംഘടനയാണ് അഭിനവ് ഭാരത്.

Similar Articles

Comments

Advertismentspot_img

Most Popular