അപ്പോഴേ പറഞ്ഞതാ ഇത് പണിയാകുമെന്ന്: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യയുടെ അവകാശം പൊളിച്ച് ആധാര് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. പൗരന്മാരുടെ ആധാര് വിവരങ്ങള്‍ ചോര്‍ന്നതായി ദ ട്രിബ്യൂണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് വാങ്ങാന്‍ സാധിച്ചെന്ന് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആധാര് വിവരങ്ങളില്‍ യാതൊരു ചോര്‍ച്ചകളും സംഭവിക്കുന്നില്ലെന്നും പൂര്‍ണമയും സുരക്ഷിതമാണെന്നും സര്‍ക്കാര്‍ കഴിഞ്ഞ നവംബറിലാണ് രാജ്യത്തോട് പറഞ്ഞത്. എന്നാല്‍ അജ്ഞാതരായ കടക്കാരില്‍ നിന്നും വെറും 500 രൂപ നല്‍കി ആയിരക്കണക്കിന് ആധാര്‍ വിവരങ്ങള്‍ തങ്ങള്‍ വാങ്ങിയതായാണ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്.

വാട്‌സാപ്പ് വഴിയാണ് വില്‍പ്പനക്കാര്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. പേടിഎം വഴി 500 രൂപ നല്‍കുന്ന പക്ഷം പത്തുമിനിട്ടിനകം ഏജന്റ് ഒരു ലോഗിന്‍ ഐഡിയും പാസ്വേഡും നല്‍കും. ഇതുപയോഗിച്ച് ഏത് ആധാര്‍ നമ്പറിലെയും വിവരങ്ങള്‍ കാണാന്‍ സാധിക്കും. ഉപഭോക്താക്കളുടെ പേര്, പിന്‍കോഡ് ഉള്‍പ്പെടെയുള്ള വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയ വിവരങ്ങളാണ് ലഭിക്കുക. 300 രൂപ കൂടി അധികം നല്‍കിയാല്‍ ഇവയെല്ലാം പ്രിന്റ് ചെയ്യാന്‍ സാധിക്കുന്ന സോഫ്റ്റ്വെയറും ഏജന്റ് നല്‍കുമെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീമിനു കീഴില്‍ വരുന്ന വില്ലേജ് ലെവല്‍ എന്റര്‍പ്രൈസുകളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറുമാസമായി ഈ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.ചണ്ഡീഗഢിലെ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയെ വിവരം അറിയിച്ചപ്പോള്‍ അവര്‍ ഞെട്ടിയെന്നും. ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായതായി സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അജ്ഞാത ഏജന്റ് നല്‍കിയ പാസ്വേഡ് ഉപയോഗിച്ച് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ആധാര്‍ വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ സാധിച്ചെന്നും ഈ സര്‍ക്കാര്‍ വെബ്‌സൈറ്റും ഹാക്കര്‍മാര്‍ കൈയ്യടക്കിയിട്ടുണ്ടെന്നും ട്രിബ്യൂണ്‍ പറയുന്നു.അതേസമയം ഇത് തെറ്റായ റിപ്പോര്‍ട്ടാണെന്നും ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും യുണീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ട്വീറ്റ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7