പുതിയ തീരുമാനം റദ്ദാക്കി, ശബരിമല ക്ഷേത്രത്തിന്റെ പേരു വീണ്ടും മാറ്റി

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റി പഴയ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രമെന്ന പേരു തന്നെ നിലനിര്‍ത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ കാലത്ത് ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രം എന്ന പേരു മാറ്റി പകരം ശബരിമല ശ്രീ അയ്യപ്പക്ഷേത്രം എന്ന പേരു നല്‍കിയിരുന്നു. മുന്‍ ബോര്‍ഡിന്റെ തീരുമാനം ഇന്നലെ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം റദ്ദാക്കിയതായി ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ക്ഷേത്രത്തിന്റെ പേരു മാറ്റുന്നതിന് മുന്‍ ബോര്‍ഡ് പറഞ്ഞ ന്യായം അംഗീകരിക്കാനാവില്ല. അന്ന് ബോര്‍ഡ് അംഗമായിരുന്ന കെ. രാഘവന്‍ പേരു മാറ്റത്തില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പേരുമാറ്റം സര്‍ക്കാരും അംഗീകരിച്ചിരുന്നില്ല. പൂര്‍വികര്‍ തീരുമാനിച്ച പേര് അവധാനതയില്ലാതെ മാറ്റുന്നത് ശരിയല്ല. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിക്കു വേണ്ടിയാണ് പേരു മാറ്റിയതെന്നാണ് മുന്‍ ബോര്‍ഡ് വിശദീകരിച്ചത്.

പത്തിനും 50നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നതാണ് നിലവിലെ നിയമം. ഹരിവരാസനം പാടി നട അടയ്ക്കുന്ന സമയം സ്ത്രീജനങ്ങള്‍ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് പ്രവേശിക്കാന്‍ പാടില്ലെന്നും നിയമമുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി അനുകൂല വിധി നേടുന്നതിനു പകരം പേരു മാറ്റാനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല.

മുന്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലുമാണ് പേരു മാറ്റാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ ദേവസ്വം മന്ത്രി കടകംപള്ളി എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ ഔദ്യോഗികമായി പേരുമാറ്റം നടന്നില്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തും. കമ്പ്യൂട്ടറൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അത് ഉടന്‍ നടപ്പാക്കാന്‍ പ്രയാസമുണ്ട്. കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പഞ്ചിങ് നിലവില്‍ വരും. ഇതുമായി ബന്ധപ്പെട്ട് മകരവിളക്കിനു ശേഷം ജീവനക്കാരുടെ യോഗം വിളിക്കും. ഡ്യൂട്ടി വ്യവസ്ഥയില്‍ ബോര്‍ഡ് ആസ്ഥാനത്തു ജോലിക്കെത്തിയാല്‍ ജീവനക്കാര്‍ തിരികെ പോകാത്ത സ്ഥിതിയുണ്ട്. ഇത്തരത്തില്‍ 110 പേരാണ് ആസ്ഥാനത്ത് തുടര്‍ന്നത്. ഇവരെ ജനുവരി ഒന്നു മുതല്‍ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular