ആ സംഭവം എന്നെ വേദനിപ്പിച്ചു; ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാന്‍ പറ്റിയില്ല. മരിച്ചാലോ എന്ന് വരെ ചിന്തിച്ചു സീരിയല്‍ നടി ഉമയുടെ വെളിപ്പെടുത്തല്‍

കൊച്ചി: ആ സംഭവം എന്നെ വേദനിപ്പിച്ചു. ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാന്‍ പറ്റിയില്ല. മരിച്ചാലോ എന്ന് വരെ ചിന്തിച്ചു സീരിയല്‍ നടി ഉമയുടെ വാക്കുകളാണിത്. ഉമയെ അത്രപ്പെട്ട് ആരും മറക്കാനിടയില്ല. ഈ അടുത്ത് സോഷ്യല്‍ മീഡിയ ഏറ്റവും ചര്‍ച്ചചെയയ്യപ്പെട്ട വിഷയം ആയിരുന്നു ഉമയെകുറിച്ച്. വാനമ്പാടി, രാത്രിമഴ തുടങ്ങിയ ജനപ്രിയ സീരിയലുകള്‍, ജെയിംസ് ആന്‍ഡ് ആലീസ്, ചെമ്പരത്തിപ്പൂ, ലക്ഷ്യം എന്നിങ്ങനെ കൈനിറയെ സീരിലുകള്‍ ഉമയെ കൂടുതല്‍ പ്രശസ്തയാക്കിയത് ആ ഒരു സംഭവമായിരുന്നു. ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ ഉമ നടത്തിയ പരാമര്‍ശം. അത് മലയാളം കണ്ട എക്കാലത്തെയും മഹാനടന്‍ ജയനെ കുറിച്ചായതിനാല്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വിഷയം കത്തിപ്പടര്‍ന്നു. ആ സംഭവത്തെ കുറിച്ചും അഭിനയ വിശേഷങ്ങളെ കുറിച്ചും ഉമ സംസാരിക്കുന്നു.

എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരു വിവാദത്തില്‍ പെടുക, അല്ലെങ്കില്‍ പ്രശ്‌നത്തില്‍ പെടുക എന്നുള്ളത് സംഭവിച്ചത്. ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാന്‍ പറ്റിയില്ല. മരിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയ ദിവസങ്ങളാണ് അത്. പക്ഷേ ആ രണ്ടുദിവസം കൊണ്ട് എനിക്ക് ജീവിതത്തില്‍ കിട്ടിയ അനുഭവപാഠം ജീവിതത്തില്‍ ഉടനീളം ഞാന്‍ മറക്കില്ല. ശത്രുക്കളായി നിന്നവര്‍ പോലും എന്നെ ചേര്‍ത്തുപിടിച്ചു സഹായിച്ചു. മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും മാറി നിന്നു. നമ്മള്‍ എന്തു സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്ന തിരിച്ചറിവ്. സോഷ്യല്‍ മീഡിയ മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താനും നശിപ്പിക്കാനും മാത്രം വളര്‍ന്നുകഴിഞ്ഞു എന്ന തിരിച്ചറിവ്. ആ രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ മരിച്ചിരുന്നെങ്കില്‍ ആര്‍ക്കാണ് നഷ്ടം. എന്റെ കുഞ്ഞുങ്ങള്‍ക്കല്ലാതെ. ഭാഗ്യത്തിന് അതുകഴിഞ്ഞ് തുടര്‍ച്ചയായി എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. അതുകൊണ്ട് അധികം കാടുകേറാന്‍ സമയം കിട്ടിയില്ല. വലിയ അനുഗ്രഹം, ഒരുപക്ഷേ ഞാന്‍ ചെയ്ത നന്മകളുടെ റിസള്‍ട്ട് ആയിരിക്കും അത്.

സത്യം പറഞ്ഞുകഴിഞ്ഞാല്‍ വിഷമം ഉണ്ട്. ഞാന്‍ ഈ മേഖലയില്‍ വന്നിട്ട് കുറച്ചധികം വര്‍ഷങ്ങളായി. എന്റെ ബന്ധുക്കളെന്ന് പറഞ്ഞിട്ടോ എന്റെ സുഹൃത്തുക്കളെന്ന് പറഞ്ഞിട്ടോ ആരുടെയും പേരില്‍ ഞാന്‍ ഒന്നും നേടിയിട്ടില്ല. ആരുടെയെങ്കിലും പേര് പറഞ്ഞ് രക്ഷപ്പെടണം എന്ന ചിന്തയില്‍ ആണെങ്കില്‍ അത് തുടക്കത്തിലേ ചെയ്യേണ്ടതാണ്. അതേ കുറിച്ച് എന്തെങ്കിലും പറയാന്‍ തന്നെ എനിക്ക് വിഷമമാണ്. കാരണം അദ്ദേഹം നമ്മളെല്ലാം ആരാധിക്കുന്ന വലിയ മനുഷ്യനാണ്. ഇതുകൊണ്ട് ആളാകണം ഒരുപാട് അവസരങ്ങള്‍ നേടണം അങ്ങനെയൊരുചിന്ത എനിക്കില്ല. ഇന്ന് ചെറിയ രീതിയിലാണെങ്കിലും ഇവിടെ എത്തിചേര്‍ന്ന് നില്‍ക്കുമ്പോള്‍ എനിക്കത് പറയേണ്ട ആവശ്യമില്ല. ഞാന്‍ പിച്ചവെച്ച് നടന്നു കഴിഞ്ഞു ഇനിയത് പറഞ്ഞ് കഴിഞ്ഞിട്ട് എനിക്ക് എന്തുനേട്ടമാണ് ഉള്ളത്.

ഞാന്‍ നേട്ടങ്ങള്‍ക്ക് വേണ്ടി പറഞ്ഞതാണെന്ന് എന്നെ അറിയാത്തവര്‍ മാത്രമേ പറയൂ. കുറച്ച് സമയമെടുത്താണെങ്കിലും അവരുടെ തെറ്റിദ്ധാരണ മാറുമെന്ന് ഞാന്‍ കരുതുന്നു. സമൂഹത്തെ ഞാന്‍ മാനിക്കുന്നു. രാഷ്ട്രീയക്കാരാണെങ്കിലും കലാകാരന്മാരാണെങ്കിലും പൊതുസമൂഹത്തിന്റെ സ്വത്താണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും സമൂഹത്തെ ഭയക്കണം ബഹുമാനിക്കണം. നമുക്ക് തെറ്റുകണ്ടാല്‍ അവര്‍ പറഞ്ഞുതരും, നമ്മളെ അവര്‍ സ്‌നേഹിക്കും.

പിന്നെ വേറൊരു കാര്യം പല നടന്മാരുടെയും നടികളുടെയും മക്കളായും ബന്ധുക്കളായും പലരും ഈ ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ട്. പക്ഷേ നിലനില്‍ക്കണമെങ്കില്‍ നമുക്ക് കഴിവുണ്ടായേ പറ്റൂ എങ്കിലേ സമൂഹം നിലനിര്‍ത്തൂ. പ്രത്യേകിച്ച് മലയാളികള്‍, കഴിവില്ലാത്തവരെ നില്‍ക്കാന്‍ അവര്‍ സമ്മതിക്കില്ല. ആരുടെ പേരിലും ഈ സമൂഹത്തില്‍ നമുക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. എനിക്ക് ചെറിയ വേഷങ്ങള്‍ സംവിധായകര്‍ തരുന്നുണ്ടെങ്കില്‍ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും എന്നെ വിശ്വാസമുള്ളതുകൊണ്ടാണ്. എപ്പോള്‍ ആ വിശ്വാസം പോകുന്നോ അപ്പോള്‍ അവര്‍ എന്നെ കളയും. അവതരിപ്പിക്കുന്ന കഥാപാത്രമായി സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയണം. അവര്‍ സ്വീകരിക്കണം. എങ്കിലേ എനിക്ക് നിലനില്‍പ്പുള്ളൂ.

ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ട കാലത്ത് വളരെ ചെറിയ ശമ്പളത്തില്‍ ജീവിച്ച ആളാണ്. പിന്നെ എപ്പോഴും ഈ താരത്തിളക്കമൊന്നും ഉണ്ടാകില്ല. എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. എന്റെ മുഖത്ത് ഒരു ചെറിയ തീപ്പെട്ടിക്കൊള്ളിയുടെ കനല്‍ വീണാല്‍ പോലും തീരാവുന്ന ഒന്നാണത്. ഇവിടെ ആരെയും ആവശ്യമില്ല. ഞാന്‍ പോയാല്‍ എന്നേക്കാള്‍ മികച്ച പത്തുപേര്‍ വരും. ഇതുകണ്ട് അഹങ്കരിക്കാന്‍ നിന്നാല്‍ ഞാനാകും ഏറ്റവും വലിയ വിഡ്ഢി. അതുകൊണ്ട് എന്റെ ഈ ചെറിയ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടയാണ്.ഉമ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular