ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം, രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഏറ്റവും അനുഭാവപൂര്‍മമായ പരിഗണനയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ തിരിച്ച് ലഭിക്കുന്ന പ്രതികരണം സര്‍ക്കാരിന് അനുകൂലമല്ല. സമരം ചര്‍ച്ചചെയ്ത് പിന്‍വലിച്ച ശേഷം വീണ്ടും സമരം ചെയ്യുന്നത് സ്ഥാപിത താല്‍പര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നും മന്ത്രി ആരോപിച്ചു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സമരം ഒ.പികളുടേയും വാര്‍ഡുകളുടേയും പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതോടെ മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നത് കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി. ബദല്‍ സംവിധാനങ്ങളുടെ ഭാഗമായി നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ ഓപികളിലേക്ക് വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ആരോഗ്യവകുപ്പില്‍ നിന്ന് കൂടുതല്‍ ഡോക്ടര്‍മാരെ മെഡിക്കല്‍ കോളജുകളിലേക്ക് നിയോഗിക്കാനാണ് നീക്കം.

ഞായറാഴ്ച നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പായെന്ന് മന്ത്രി ശൈലജ അറിയിച്ചിരുന്നു. സമരക്കാരുടെ പല ആവശ്യങ്ങളും മന്ത്രി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് സമരം തുടരാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular