മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 റാങ്കിങ്ങിൽ ബാറ്റർമാരിൽ 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുവതാരം തിലക് വർമ. മൂന്നാമതെത്തിയ തിലക് വർമയാണ് ഇന്ത്യൻ ബാറ്റർമാരിൽ മുന്നിലുള്ളത്. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡും, രണ്ടാമത് ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടുമുണ്ട്. ട്വന്റി20 റാങ്കിങ്ങിൽ തിലക് വർമയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയ തിലക് വർമ പരമ്പരയിലെ താരമായിരുന്നു.
നാലു മത്സരങ്ങളിൽനിന്ന് 280 റൺസാണ് യുവതാരം അടിച്ചുകൂട്ടിയത്. അതേസമയം മലയാളി താരം സഞ്ജു സാംസണും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു 22–ാം സ്ഥാനത്തെത്തി. ഒടുവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നു സെഞ്ചറി നേടിയതാണ് സഞ്ജുവിന്റെ കുതിപ്പിനു കരുത്തായത്. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തേക്കു വീണു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 മത്സരങ്ങളിൽ 21,4,1 എന്നിങ്ങനെയായിരുന്നു സൂര്യയുടെ സ്കോറുകൾ.
ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ താരം യശസ്വി ജയ്സ്വാൾ എട്ടാം സ്ഥാനത്തുമുണ്ട്. ഓൾറൗണ്ടർമാരിൽ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയാണ് ഒന്നാം സ്ഥാനത്ത്. ബോളർമാരിൽ ഇംഗ്ലിഷ് താരം ആദിൽ റാഷിദ് ഒന്നാമതാണ്. എട്ടാം സ്ഥാനത്തുള്ള രവി ബിഷ്ണോയിയാണ് ഇന്ത്യൻ ബോളർമാരിൽ മുന്നിലുള്ളത്. പേസർ അർഷ്ദീപ് സിങ് ഒൻപതാം സ്ഥാനത്തും തുടരുന്നു.