​ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട; 700 കിലോ മെത്താംഫെറ്റാമൈനുമായി എട്ട് ഇറാനിയൻ പൗരൻമാർ പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. ബോട്ടിൽ അനധികൃതമായി സമുദ്രാതിർത്തി കടത്താൻ ശ്രമിച്ച 700 കിലോ മെത്താംഫെറ്റാമൈനുമായി എട്ട് ഇറാനിയൻ പൗരൻമാർ പിടിയിലായി. നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), നാവികസേന, ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. വെള്ളിയാഴ്ച ഗുജറാത്ത് തീരത്തോട് ചേർന്ന സമുദ്രാതിർത്തിയിലാണ് സംഭവം.

നാവികസേനയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ഗുജറാത്ത് പോലീസും ചേർന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ സംശയാസ്പദ സാഹചര്യത്തിൽകണ്ട ബോട്ട് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഏകദേശം 700 കിലോ മെത്താംഫെറ്റാമൈൻ പിടികൂടുകയും ചെയ്തതായി നാവികസേന പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഈ വർഷം നാവികസേന കടലിൽ നടത്തിയ രണ്ടാമത്തെ വലിയ വിജയകരമായ മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനാണിതെന്നും അവർ കൂട്ടിച്ചേർത്തു.

‘സാഗർ മന്ഥൻ-4’ എന്ന കോഡ് നാമത്തിലായിരുന്നു ഓപ്പറേഷൻ. രജിസ്റ്റർ ചെയ്യാത്ത ബോട്ട് അനധികൃത വസ്തുക്കളുമായി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. നാവികസേനയുടെ മാരിടൈം പട്രോളിംഗ് യൂണിറ്റുകൾ സംശയാസ്പദമായ ബോട്ട് തടഞ്ഞു. തുടർന്നുള്ള പരിശോധനയിൽ മയക്കുമരുന്ന് കണ്ടെടുക്കുകയും ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പിടിയിലായവർ ഇറാനിയൻ പൗരന്മാരാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സ്ഥരീകരിച്ചിട്ടില്ല. ഇറാനിയൻ പൗരന്മാരെന്ന് അവകാശപ്പെടുന്ന ഇവരുടെ പക്കൽ തിരിച്ചറിയൽ രേഖകൾ ഇല്ലായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7