കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ അറസ്റ്റിലായ പിപി ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് ദിവ്യ ജയിൽ മോചിതയായത്.
എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ തനിക്ക് ദു:ഖമുണ്ട്. തൻറെ നിരപരാധിത്വം കോടതിയിൽ തെളിയിക്കും. കേസിൽ കൃത്യമായ അന്വേഷണം വേണമെന്നും ദിവ്യ ആവശ്യപ്പെട്ടു.
മാധ്യമ പ്രവർത്തകരായാലും നാട്ടുകാരായാലും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് തന്റെ പതിവ്. ഏത് ഉദ്യോഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളതെന്നും ദിവ്യ പറഞ്ഞു. പള്ളിക്കുന്ന് വനിതാ ജയിലിൽനിന്ന് പുറത്തിറങ്ങിയ ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷൻറെയും സിപിഎമ്മിൻറെയും ജില്ലാ നേതാക്കളും എത്തിയിരുന്നു.
എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, ജില്ല വിടാൻ പാടില്ല, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയോ, സത്യവാങ്മൂലം നൽകുകയോ ചെയ്യണം, എന്നീ ഉപാധികളിലാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
രണ്ട് പേരുടെ ആൾ ജാമ്യത്തിലുമാണ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുദിച്ചിരിക്കുന്നത്. എന്നാൽ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി വിലയിരുത്തി. വൈകുന്നേരം അഞ്ച് മണിയോടെയാണ് ദിവ്യ ജയിൽ മോചിതയായത്.