തലശേരി: എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്ക് ജാമ്യം. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച വാദംകേട്ട കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നിലവിൽ, കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് ഒക്ടോബർ 29 മുതൽ ദിവ്യ കഴിയുന്നത്. 11 ദിവസങ്ങൾക്കുശേഷമാണ് ദിവ്യയ്ക്കു ജാമ്യം ലഭിക്കുന്നത്. കലക്ടറോട് നവീൻബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. ആരോപണം നിലനിൽക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായി. കൈക്കൂലി നൽകിയതിന് ശാസ്ത്രീയ തെളിവ് നൽകി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയിൽ അവതരിപ്പിച്ചു. സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അമ്മയാണെന്നും ജാമ്യഹർജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചിരുന്നു.
എന്നാൽ ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് നവീൻബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. പക്ഷെ, അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം.
അതേസമയം ദിവ്യക്കെതിരേ വ്യാഴാഴ്ച സിപിഎം പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സിപിഎമ്മിൻറെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും ദിവ്യയെ ഒഴിവാക്കി. പാർട്ടി കീഴ്ഘടകത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തിരുന്നു.
ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്കാണു തരംതാഴ്ത്തിയത്. വ്യാഴാഴ്ച ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിൻറേതാണു തീരുമാനം. യോഗതീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
ഇതിനിടെ, പ്രത്യേക അന്വേഷണ സംഘത്തിൻറെ യോഗത്തിൽ കലക്ടറുടെ മൊഴി വീണ്ടും എടുക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായാണ് അറിയുന്നത്. ഇന്നത്തെ വിധി വന്നതിനുശേഷം മൊഴിയെടുക്കാനാണ് സാധ്യത. ഒക്ടോബർ നാലു മുതൽ 15 വരെയുള്ള നവീൻ ബാബുവിൻറെ പ്രവർത്തനങ്ങൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്.