ന്യൂഡൽഹി: കാനഡയിൽ ഹിന്ദു ക്ഷേത്രം ആക്രമിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി. കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണെന്നും മോദി പറഞ്ഞു.
കാനഡയിലെ ബ്രാംപ്ടണിൽ ഖലിസ്ഥാൻ വാദികളാണ് ഹിന്ദു ക്ഷേത്രം ആക്രമിച്ചത്. ബ്രാംപ്ടണിലെ ഹിന്ദു മഹാ സഭ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരുപറ്റം ആളുകൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ക്ഷേത്രത്തിലേക്ക് പ്രകടനം നടത്തുകയായിരുന്നു.
ക്ഷേത്ര കാവടത്തിൽ നിന്ന ഭക്തരെയും ഇന്ത്യയുടെ പതാക ഏന്തിയ ആളുകളെയും ക്ഷേത്ര മതിലിന് അകത്തേക്ക് കടന്നു കയറിയ ഖലിസ്ഥാൻ അനുകൂലികൾ മർദിച്ചു. സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല. ആക്രമണം നടക്കുമ്പോൾ 1984-ലെ സിഖ് വിരുദ്ധ കലാപത്തിൻ്റെ വാർഷികത്തോടനുബന്ധിച്ച് ഒരു സംഘം ഖാലിസ്ഥാൻ അനുകൂല അനുകൂലികൾ പ്രകടനം നടത്തുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തെ അപലപിച്ച് നേരത്തെ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഭീഷണികളിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
.
.