മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി ആലുവയിലും എത്തി; വിവരങ്ങള്‍ തേടി കേരള പോലീസും, വ്യാപക അന്വേഷണം

ബെംഗളൂരു/കൊച്ചി: മംഗളൂരു സ്‌ഫോടനത്തില്‍ വിവരങ്ങള്‍ തേടി കേരള പോലീസും. സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കേരള പോലീസും കേസില്‍ പരിശോധന നടത്തുന്നത്. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മംഗളൂരുവിലെത്തി.

അതിനിടെ, മംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പോലീസിന്റെ അന്വേഷണം കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. പ്രതിയായ മുഹമ്മദ് ഷാരിഖ് ഇരുസംസ്ഥാനങ്ങളിലും എത്തിയിരുന്നതായി വ്യക്തമായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചതോടെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.

ബോംബ് നിര്‍മാണത്തിനാവശ്യമായ ചില സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴിയാണ് ഷാരിഖ് വാങ്ങിയതെന്ന് കര്‍ണാടക പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആലുവയിലെ വിലാസത്തിലാണ് ഈ സാമഗ്രികള്‍ എത്തിയിരുന്നതെന്നും കണ്ടെത്തി. ഇതോടെയാണ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. മാത്രമല്ല, കോയമ്പത്തൂരില്‍ കാറില്‍ സ്‌ഫോടനമുണ്ടായതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ കോയമ്പത്തൂരില്‍ പോയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കോയമ്പത്തൂരില്‍നിന്ന് മധുര, നാഗര്‍കോവില്‍ വഴിയാണ് ഷാരിഖ് ആലുവയിലെത്തിയത്. ആലുവയിലെ ഒരു ഹോട്ടലിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്നാണ് സൂചന. ഇതുസംബന്ധിച്ചെല്ലാം വിശദമായ അന്വേഷണം നടന്നുവരികയാണ്.

ശനിയാഴ്ചയാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനായ ഷാരിഖിനും പരിക്കേറ്റു. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. സ്ഫോടനം നടന്ന ഓട്ടോയില്‍നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ പ്രഷര്‍ കുക്കറും ബാറ്ററികളും പോലീസ് കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിന് തീവ്രവാദബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്.

പോലീസിന്റെ രേഖകളില്‍നിന്നാണ് ഓട്ടോറിക്ഷയില്‍ സ്ഫോടനം നടത്തിയ യാത്രക്കാരന്‍ ഷാരിഖ് ആണെന്ന് തിരിച്ചറിഞ്ഞത്. പരിക്കേറ്റ് ചികിത്സയിലുള്ള പ്രതിയുടെ ചിത്രങ്ങള്‍ ബന്ധുക്കളും തിരിച്ചറിഞ്ഞു. തീര്‍ഥഹള്ളി സ്വദേശിയായ മുഹമ്മദ് ഷാരിഖ് സെപ്റ്റംബര്‍ മാസം മുതല്‍ ഒളിവില്‍ കഴിഞ്ഞുവരികയാണെന്നും തീവ്രവാദസംഘടനയായ അല്‍ഹിന്ദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

മംഗളൂരുവിലെ കെട്ടിടങ്ങളില്‍ താലിബാനെയും ലഷ്‌കര്‍ ഇ-തൊയിബയെയും പിന്തുണച്ചുള്ള ചുമരെഴുത്ത് നടത്തിയതിന്റെ പേരില്‍ ഷാരിഖിനെ 2020-ല്‍ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.എ.പി.എയും ചുമത്തി. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി അടുത്തിടെ ശിവമോഗയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലും പ്രതിയായി. ശിവമോഗയില്‍ നടന്ന സംഘര്‍ഷത്തില്‍ ഐ.എസ്. ബന്ധമുള്ള ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്ന് സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാരിഖ് ആണ് ബോംബ് നിര്‍മാണത്തിലടക്കം ഇവര്‍ക്ക് പരിശീലനം നല്‍കിയതെന്ന് കണ്ടെത്തിയത്. കേസില്‍ പ്രതിചേര്‍ത്തതോടെ ഇയാള്‍ വീട്ടില്‍നിന്ന് മുങ്ങുകയും ഒളിവില്‍ കഴിഞ്ഞുവരികയുമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7