കൊച്ചി :കാസര്‍കോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ 4 പ്രതികളും റിമാന്‍ഡില്‍. പ്രതികളായ രാജസ്ഥാന് സ്വദേശിനി ഡിംപിള്‍ ലാംബ (ഡോളി21), കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന് (26), നിധിന് മേഘനാഥന് (35), ടി.ആര്. സുദീപ് (34) എന്നിവരെയാണ് എറണാകുളം എസിജെഎം കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം ഇന്നു കോടതിയെ സമീപിക്കും.
കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണു പൊലീസ്. അറസ്റ്റിലായ ഡിംപിളിന്റെ സുഹൃത്തുക്കളാണു യുവാക്കള്‍. മറ്റു പ്രതികളുമായി അതിജീവിതയ്ക്കു നേരിട്ടു പരിചയമില്ലെന്നാണു നിലവിലെ കണ്ടെത്തല്‍. മുന്‍പ്, തോക്കു കാട്ടി കൊടുങ്ങല്ലൂരിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ 5 പ്രതികളിലൊരാളാണു നിധിന് എന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. മറ്റുള്ളവരുടെയും ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കും.
ബീയറില്‍ പൊടി കലര്‍ത്തി നല്‍കിയതായി സംശയമുണ്ടെന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു. ഇതു ലഹരി വസ്തുവാണോയെന്നു സംശയിക്കുന്നതായാണു യുവതി പറഞ്ഞത്. ഇതിലും കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നു പൊലീസ് പറയുന്നു. പ്രതികള്‍ മുന്‍പു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.സംഭവ സമയം പ്രതികള്‍ ലഹരി ഉപയോഗിച്ചെന്ന സംശയമുള്ളതിനാല്‍ രക്ത സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമാകും മറ്റു നടപടി. ഡിജെ പാര്‍ട്ടി നടന്ന ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികളും അക്രമത്തിനിരയായ യുവതിയും എത്തുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതികള്‍ യുവതിയുമായി കാറില്‍ നഗരത്തിലൂടെ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും നോക്കുന്നു. സുഹൃത്തുക്കളായ യുവാക്കള്‍ക്കു വേണ്ട ഒത്താശ നല്കിയതു ഡിംപിളാണെന്ന സംശയത്തിലാണു പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്യും. വ്യാഴാഴ്ച അര്‍ധരാത്രിയാണു മോഡലിനെ കൂട്ട ബലാല്‍സംഗം ചെയ്തത്. ബാറില്‍ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റി ബലാല്‍സംഗം ചെയ്തെന്നാണു കേസ്. പ്രതിയായ ഡിംപിളിന്റെ സുഹൃത്താണു പീഡനത്തിന് ഇരയായ യുവതി.