ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14.83 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,704 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,83,157 ആയി. ഒറ്റ ദിവസത്തിനിടെ 654 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 33,425. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 4,96,988 പേർ ചികിത്സയിലാണ്. ഇതുവരെ 9,52,744 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 3,83,723 ആയി. സംസ്ഥാനത്ത് ആകെ 13,883 പേർ രോഗം ബാധിച്ച് മരിച്ചു. തമിഴ്നാട്ടിൽ 2,20,716 കേസുകളും 3,571 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ഇതുവരെ 1,31,219 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണം 3,853. അതേസമയം, ആന്ധ്രാപ്രദേശിലും കർണാടകയിലും രോഗബാധിതർ ഒരു ലക്ഷം കടന്നു. ആന്ധ്രാപ്രദേശിൽ 1,02,349 പേർക്കും കർണാടകയിൽ 1,01,465 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉത്തർപ്രദേശിൽ രോഗികളുടെ എണ്ണം 70,493 ആയി. ബംഗാളിൽ 60,830 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.