സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളിലെത്തണം; ടാക്‌സികള്‍, ഹോട്ടലുകള്‍, തുണിക്കടകള്‍, ജ്വല്ലറികള്‍ പ്രവര്‍ത്തിക്കും; ലോക്ക്ഡൗണില്‍ ഇളവുകള്‍ നേടി കോട്ടയം

കോട്ടയം: കോവിഡ് പ്രതിരോധത്തെ തുടര്‍ന്ന് ലോക്ക്ഡൗണുകളില്‍ ഇളവ് പ്രഖ്യാപിക്കുന്ന ആദ്യ ജില്ലയായി കോട്ടയം മാറുന്നു. കോട്ടയം ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി 21 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും. റെഡ് സോണില്‍ നിന്നുള്ള ജീവനക്കാര്‍ ജില്ലയില്‍ തിരികെയെത്തി നിരീക്ഷണത്തിലാകാന്‍ നിര്‍ദേശം. ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനും മന്ത്രി പി തിലോത്തമന്‍ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.

പൂര്‍ണ രോഗ വിമുക്തി നേടി മൂന്നാഴ്ച പിന്നിട്ടതോടെയാണ് കോട്ടയം ജില്ലയ്ക്ക് നിയന്ത്രണ ഇളവുകള്‍ നടപ്പാക്കുന്നത്. ഓട്ടോയും ടാക്‌സികളും ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാരെ മാത്രം കയറ്റി സര്‍വീസ് നടത്താന്‍ അനുവദിക്കും.

എന്നാല്‍, സഞ്ചാരം ജില്ലയില്‍ പരിമിതപ്പെടുത്തണം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7 വരെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കും. തുണിക്കടകള്‍ക്ക് 9 മണി മുതല്‍ 6 വരെയും, ജ്വല്ലറികള്‍ക്ക് 9 മുതല്‍ 5 വരെയുമാണ് പ്രവര്‍ത്തനാനുമതി. സര്‍ക്കാര്‍ ഓഫീസുകള്‍ 21 മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. റെഡ് സോണില്‍ നിന്നുള്ള ജീവനക്കാര്‍ ഉടന്‍ ജില്ലയില്‍ തിരികെയെത്തി നിരീക്ഷണത്തിലാകണം

പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. പൊതുപരിപാടികളില്‍ നിയന്ത്രണങ്ങള്‍ തുടരും. ആരാധനാലയങ്ങളുടെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരും. മരണ -– വിവാഹ ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. ജില്ലാ അതിര്‍ത്തികളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനും മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നു വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 2 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍കോട് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7