നാവിക സേനയിലെ 15 പേര്‍ക്ക് കോവിഡ്

ഇന്ത്യന്‍ നാവിക സേനയിലെ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. മുംബൈയിലെ നേവല്‍ ആശുപത്രിയിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് നാവിക സേനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുന്നതിനാല്‍ കുടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതേസമയം തന്നെ നാവികരുമായി ബന്ധപ്പെട്ട കോണ്ടാക്ട് ഡീറ്റെയ്ല്‍സ് പരിശോധിക്കുകയാണ്.

നാവികസേനയുടെ പശ്ചിമ നേവല്‍ കമാന്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യ സമയങ്ങളില്‍ സേവനം നല്‍കിക്കൊണ്ടിരുന്ന വിഭാഗത്തിലെ 20 പേരില്‍ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. എവിടെ നിന്നുമാണ് രോഗം പിടിപെട്ടതെന്നും ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആള്‍ക്കാരുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്. അതേസമയം ഇവര്‍ അധികം ആരുമായും ഇടപെട്ടിട്ടില്ല എന്ന ആശ്വാസ വിവരങ്ങളും പുറത്തു വരുന്നുണ്ട്. മുംബൈയിലെ നേവല്‍ ആശുപത്രിയായ ഐഎന്‍എച്ച്എസ് അശ്വിനിയിലാണ് ഇവരെ ക്വാറന്റൈനിലാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള നഗരം മുംബൈയും സംസ്ഥാനം മഹാരാഷ്ട്രയുമാണ്. ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 3,205 ആയിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊറോണാ വൈറസ് ആക്രമണത്തില്‍ 194 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്ത്യന്‍ സൈന്യത്തില്‍ നേരത്തേ തന്നെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍മിയിലെ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ മൊത്തം രോഗികളുടെ എണ്ണം 13,835 ആണ്. മരണം 452 ഉം.

ഫ്രാന്‍സില്‍ 1,081 പേര്‍ക്ക് ഫ്രഞ്ച് നാവികസേനയില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. ന്യൂകഌയര്‍ എയര്‍ക്രാഫ്റ്റുകള്‍ വഹിക്കുന്ന ചാള്‍സ് ഡി ഗുള്ളേ യില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയില്‍ പസഫിക്കില്‍ കിടക്കുന്ന ആണവവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള നാവികസേനയുടെ തീയഡോര്‍ റൂസ്‌വെല്‍റ്റിലെ 660 പേര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ലോകത്തുടനീളമായി 21.71 ലക്ഷം പേരാണ് കോവിഡ് ബാധിതര്‍. ഇതില്‍ 1.46 ലക്ഷം പേര്‍ മരണമടയുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7