പ്രവാസികളെ തിരിച്ചെത്തിക്കും; സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം; കേരളം നേരത്തെ ഒരുങ്ങി…

ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രനിര്‍ദേശം ഇന്നലെ കേരളത്തിനു ലഭിച്ചു. മന്ത്രിസഭാ യോഗത്തില്‍ പ്രവാസികള്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിക്കും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

അതേസമയം, ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി 133 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുഎഇയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ട് ആഴ്ച നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

ഗള്‍ഫിലെ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ കോവിഡ് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍. സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതരിലേറെയും. സൗദിയില്‍ 5862 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മലയാളികളുള്‍പ്പെടെ 186 പേര്‍ ഇന്ത്യക്കാരാണെന്നു ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പരമാവധി രണ്ടു ലക്ഷം പേര്‍ക്കു കോവിഡ് ബാധയേല്‍ക്കുമെന്നാണ് സൗദി ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.

അതേസമയം പ്രവാസികളെ തിരികെയെത്തിച്ചാല്‍ താമസിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ കേരളം നേരത്തെ നടത്തിയിട്ടുണ്ട്. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഏറ്റെടുക്കും. സ്ഥാപനങ്ങള്‍ കണ്ടെത്താനും ക്രമീകരണങ്ങളൊരുക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രവാസികളെയെത്തിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നിലവില്‍ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തില്‍ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല. പത്തുലക്ഷം മലയാളികളെങ്കിലും അവിടെയുണ്ട്. അതിനാല്‍, ഏതുസാഹചര്യത്തെയും കരുതലോടെയും സുരക്ഷിതമായും നേരിടാനാണ് കേരളത്തിന്റെ ഒരുക്കം.

കേന്ദ്രത്തിന്റെ തീരുമാനമറിഞ്ഞശേഷമായിരിക്കും സംസ്ഥാനത്ത് അന്തിമതീരുമാനം. താമസസൗകര്യം കണ്ടെത്താനുള്ള നടപടിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1.24 ലക്ഷം മുറികളില്‍ എല്ലാസൗകര്യവും ഉറപ്പുവരുത്തി.

പണം നല്‍കി ഉപയോഗിക്കാന്‍ പാകത്തിലുള്ളതും അല്ലാത്തതുമായ കെയര്‍ സെന്ററുകളാണ് പ്രവസികള്‍ക്കായി തയ്യാറാക്കുക. ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളിലടക്കം താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്. വയനാട് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങള്‍ ഇതിനകം ഏറ്റെടുത്ത് കോവിഡ് കെയര്‍ സെന്ററുകളാക്കി. മറ്റ് ജില്ലകളിലും ഏറ്റെടുക്കേണ്ട ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പട്ടിക തയ്യാറാക്കി.

ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലാണ്. തിരിച്ചുവരുന്നവരേറെയും ഇവിടേക്കാകുമെന്നും വിലയിരുത്തുന്നു. കുടംബത്തോടൊപ്പം വിദേശത്ത് കഴിയുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണ്. കുടുംബത്തോടൊപ്പം തിരികെയെത്തുന്നവര്‍ക്ക് എ.സി. സൗകര്യത്തോടെയുള്ള വീടുകളും വില്ലകളുമാണ് ഉദ്ദേശിക്കുന്നത്. ഇത് പണം നല്‍കി ഉപയോഗിക്കാനാണ്. ചെറിയ തുകമാത്രം ഈടാക്കുന്നതും പൂര്‍ണമായും സൗജന്യമായതുമായ താമസസൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

വിവിധ ജില്ലകളില്‍ തയ്യാറായ മുറികളും കിടക്കകളുടെയും കണക്കുകള്‍ ചുവടെ.

തിരുവനന്തപുരം 7500 മുറികള്‍

പത്തനംതിട്ട 8100 മുറികള്‍

വയനാട് 135 കെട്ടിടങ്ങള്‍

ആലപ്പുഴ 10,000 കിടക്കകള്‍

മലപ്പുറം 15,000 കിടക്കകള്‍

കണ്ണൂര്‍ 4000 കിടക്കകള്‍

തൃശൂര്‍ 7581 മുറികള്‍

കോഴിക്കോട് 15,000 മുറികള്‍

* എം.ഇ.എസ്. ഉടമസ്ഥതയിലുള്ള 150 കെട്ടിടങ്ങള്‍ വിട്ടുനല്‍കാമെന്ന് വാഗ്ദാനം

* എം.എസ്.എസ്. നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും കെയര്‍ സെന്ററിന് വിട്ടുനല്‍കും

* മുസ്‌ലിം ലീഗിന്റെയും അനുബന്ധ സംഘടകളുടെയും നിയന്ത്രണത്തിലുള്ള എല്ലാ കെട്ടിടങ്ങളും കൈമാറും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51