കോഴിക്കോട്: കൊങ്കണ്‍ വഴി കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വെള്ളിയാഴ്ചയോടെ ഓടിത്തുടങ്ങിയേക്കും. പാളത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ട കുലശേഖരയില്‍ താത്കാലികമായി 400 മീറ്റര്‍ സമാന്തര പാളം നിര്‍മിച്ച് ഗതാഗതം പുനരാരംഭിക്കാനാണ് ശ്രമംനടക്കുന്നത്. കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തു നിന്നും ലോകമാന്യതിലക് ടെര്‍മിനസിലേക്കുള്ള നേത്രാവതി എക്സ്പ്രസ് (16346) ഇതുവഴി കടന്നു പോകും. നേരത്തേ പ്രഖ്യാപിച്ച തീവണ്ടിനിയന്ത്രണങ്ങളില്‍ മാറ്റമില്ല.
വ്യാഴാഴ്ച മഴ മാറിനിന്നതോടെ സമാന്തരപാളം നിര്‍മാണം അതിവേഗം നടന്നു. ഈ നിലയ്ക്ക് പ്രവൃത്തി പുരോഗമിച്ചാല്‍ വെള്ളിയാഴ്ച ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയാണ് റെയില്‍വേ അധികൃതര്‍ക്കുള്ളത്. രാപകല്‍ ഭേദമില്ലാതെ കുന്നില്‍നിന്ന് ഒലിച്ചിറങ്ങുന്ന ചെളി കോരിനീക്കിയാണു പുതിയ പാളം നിര്‍മിക്കുന്നത്.
കൊങ്കണ്‍ വഴി മുംബെയിലേക്കുള്ള യാത്ര മുടങ്ങിയതോടെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള യാത്രക്കാരെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഷൊര്‍ണൂരിലോ കര്‍ണാടകത്തിലെ സൂറത്ത്കല്‍ സ്റ്റേഷനുകളിലോ എത്തിവേണം ഇവര്‍ക്കിപ്പോള്‍ മുംബൈ വണ്ടി പിടിക്കാന്‍. മംഗലാപുരത്തിനടത്ത് പടീല്‍-ജോക്കട്ട റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കുലശേഖരയിലാണ് 23ന് പുലര്‍ച്ചെ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞ് പാളത്തിലേക്ക് വീണത്.
മംഗളൂരുവില്‍നിന്ന് സുറത്ത്കലിലേക്ക് റോഡുവഴി 19 കിലോമീറ്ററുണ്ട്. ട്രെയിന്‍ വഴിയോ റോഡ് വഴിയോ മംഗലാപുരത്തെത്തി വീണ്ടും ബസ് പിടിച്ചാണ് ഉത്തരമലബാറില്‍നിന്നുള്ള മുംബൈ യാത്രക്കാര്‍ അവിടെയെത്തുന്നത്. മണ്ണിടിച്ചിലുണ്ടായതിന് മുമ്പ് അപ്പുറമെത്തിയ മത്സ്യഗന്ധ, മുംബൈ സി.എസ്.ടി., ഗോവ ഡെമു എന്നിവയ്ക്ക് മംഗളൂരുവിലേക്ക് എത്താനായിരുന്നില്ല. ഈ മൂന്നുവണ്ടികളുടെ റേക്കുകള്‍ ഉപയോഗിച്ച് റെയില്‍വേ സൂറത്ത്കലില്‍നിന്നു ഇപ്പോള്‍ ദിവസവും സര്‍വീസ് നടത്തുന്നുണ്ട്. ഈ സ്റ്റേഷനിലെത്താന്‍ ആദ്യ ദിവസങ്ങളില്‍ റെയില്‍വേ ബസ് ഏര്‍പ്പാടാക്കിയിരുന്നു. പിന്നീടിത് നിര്‍ത്തിയതായി യാത്രക്കാര്‍ പറഞ്ഞു.
മംഗളൂരുവില്‍നിന്ന് ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വണ്ടികള്‍ ഇപ്പോള്‍ ഓടുന്നില്ല. കൊങ്കണ്‍ വഴിയുള്ള മംഗള ഉള്‍പ്പെടെയുള്ള പ്രതിദിന വണ്ടികളടക്കം ഇപ്പോള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഷൊറണൂര്‍ വഴിയാണ് ഇവ ഓടുന്നത്.
വെള്ളിയാഴ്ച രാവിലെ 10.50 ന് എറണാകുളത്തു നിന്ന് മംഗലാപുരം ജങ്ഷനിലേക്ക് പ്രത്യേക ട്രെയിന്‍ (02617) സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. മംഗള എക്സ്പ്രസിന്റെ സ്റ്റോപ്പുകളിലെല്ലാം ഈ വണ്ടി നിര്‍ത്തും. ഇന്ന് എറണാകുളം -നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് (12617) ഓടില്ല.