പ്രളയത്തില്‍ നിന്നും കരകയറി അതിജീവനത്തിന്റെ പാതയിലൂടെ നടക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങള്‍. ലിസി, സുഹാസിനി, ഖുശ്ബു, രേവതി, നദിയാ മൊയ്തു റഹ്മാന്‍, രാജ്കുമാര്‍ തുടങ്ങിയവരുടെ ഒരു കൂട്ടായ്മയാണിത്. ഇവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ നല്‍കി.
വാര്‍ഷിക ഒത്തുകൂടല്‍ വേണ്ടെന്നു വച്ചാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത്. താരങ്ങള്‍ മാത്രമല്ല ചെന്നൈയിലെ തങ്ങളുടെ മറ്റു പരിചയക്കാരും ഇതിലേക്ക് പൈസ സംഭാവന ചെയ്തിട്ടുണ്ടെന്ന് നടി ലിസി മാധ്യമങ്ങളോടു പറഞ്ഞു. സുഹാസിനി, ഖുഷ്ബു ലിസി, രാജ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് 40 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
താരങ്ങള്‍ വ്യക്തിപരമായി നേരത്തേ പണം നല്‍കിയിരുന്നു. അതുകൂടാതെയാണ് കൂട്ടായ്മയുടെ പേരില്‍ ഇപ്പോള്‍ നല്‍കുന്നത്. ഇതിലൂടെ കേരളത്തിലെ ജനങ്ങള്‍ തനിച്ചല്ല, എല്ലാവരും കൂടെയുണ്ടെന്നു പറയാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഖുഷ്ബു പറഞ്ഞു.
മണിരത്നം, ജാക്കി ഷെറോഫ്, സുന്ദര്‍, മരിയസേന, രാജ്കുമാര്‍ സേതുപതി, പൂര്‍ണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്നി സിനിമാക്സ്, കാസിനോ മജോങ് ഫൗണ്ടേഷന്‍, മാള്‍ട്ട ഹോണററി കൗണ്‍സല്‍ ശാന്തകുമാര്‍, മൗറീഷ്യസ് ഹോണററി കൗണ്‍സല്‍ രവിരാമന്‍ എന്നിവരെല്ലാം ഈ ധനസമാഹരണത്തില്‍ സഹകരിച്ചിട്ടുണ്ട്.
ഇവിടെ തങ്ങളല്ല താരങ്ങള്‍, ജീവന്‍ പണയംവച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ ജനങ്ങളെയാണ് ശരിക്കും അഭിനന്ദിക്കേണ്ടതെന്നും തങ്ങളാല്‍ കഴിയുന്ന സഹായമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ലിസി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ച തുക ആയിരം കോടി കവിഞ്ഞു.