തിരുവനന്തപുരം: മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗത്തിലുളള കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് 13 വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 11 വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അതേസമയം ഏതാനും ദിവസമായി പെയ്യുന്ന മഴയ്ക്ക് ശനിയാഴ്ച ശമനമായി. ഇതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കില്‍ കുറവു വന്നിട്ടുണ്ട്. നീരൊഴുക്കു കുറഞ്ഞ പശ്ചാത്തലത്തില്‍ ഇടമലയാര്‍, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ അടച്ചു. പത്തനംതിട്ട കക്കി ഡാമിലെ ഷട്ടര്‍ താഴ്ത്തി.
ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ട്. 2400.72 അടിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് അണക്കെട്ടിലെ ജലനിരപ്പ്. ഒരടിയിലേറെ വെള്ളമാണ് ഇരുപതു മണിക്കൂറിനിടെ താഴ്ന്നത്. നീരൊഴുക്കു കുറഞ്ഞെങ്കിലും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവില്‍ കുറവു വരുത്തിയിട്ടില്ല. വൈകുംനേരം വരെ ഇതു തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.