ഡിജിപിമാരെ നിയമിക്കാന്‍ ഇനി ഒരു സംസ്ഥാനങ്ങള്‍ക്കും അധികാരമില്ല; നിയമനം യുപിഎസ് സി വഴിയാകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: താല്‍ക്കാലിക ഡിജിപിമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഡിജിപിമാര്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് നിയമിക്കുന്നവരുടെ പട്ടിക തയ്യാറാക്കണം. യുപിഎസ്‌സി പാനലില്‍ നിന്ന് നിയമനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഡിജിപിമാര്‍ക്ക് രണ്ട് വര്‍ഷം കാലാവധി ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. നിയമനത്തിനു തടസമാകുന്ന ചട്ടങ്ങള്‍ സുപ്രീം കോടതി മരവിപ്പിച്ചു.

ഡിജിപിമാരെ നിയമിക്കാന്‍ ഇനി ഒരു സംസ്ഥാനങ്ങള്‍ക്കും അധികാരമില്ല. ഡിജിപിയായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നവുടെ പട്ടിക സംസ്ഥാനങ്ങള്‍ യുപിഎസ് സിക്കു നല്‍കണം. ഈ പട്ടിക പരിശോധിച്ച് യുപിഎസ് സിയുടെ മൂന്നംഗ സമിതി പാനല്‍ തയാറാക്കും. ഈ പാനലില്‍ നിന്നായിരിക്കണം സംസ്ഥാന സര്‍ക്കാരുകള്‍ നിയമനം നടത്തേണ്ടത്. നിലവിലെ ഡിജിപി വിരമിക്കുന്നതിന് മൂന്നു മാസം മുന്പു തന്നെ പട്ടിക നല്‍കണമെന്നും, ഡിജിപിമാരുടെ നിയമനത്തിനായി സുപ്രീം കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ ഇടക്കാല ഡിജിപിയെ നിയമിക്കുന്നതും കോടതി വിലക്കി. ആക്ടിംഗ് ഡിജിപി എന്ന ഒരു പദവി ഇല്ലെന്നും അങ്ങനെ ആരെയും നിയമിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡിജിപിയായി നിയമിക്കപ്പെടുന്നയാള്‍ക്ക് രണ്ടു വര്‍ഷത്തെ കുറഞ്ഞ സേവന കാലാവധി ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.

2006ല്‍ പ്രകാശ് സിംഗ് കേസുമായി ബന്ധപ്പെട്ട വിധിയില്‍ ഡിജിപിക്ക് രണ്ടു വര്‍ഷ കാലാവധി ഉറപ്പാക്കണമെന്നും നിയമനം യുപിഎസ് സിക്കു വിടണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ഡിജിപി നിയമനത്തിനായി യുപിഎസ് സിയെ സമീപിച്ചിട്ടുള്ളതെന്ന് കേസിന്റെ വാദത്തിനിടെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7