സാമൂഹ്യ പ്രാധാന്യമുളള കഥാപാത്രങ്ങളാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ അടുത്ത കാലത്തായി തിരഞ്ഞെടുക്കുന്നത്. വീടുകളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത ഉറപ്പാക്കുന്ന ടോയ്‌ലറ്റ് ഏക് പ്രേം കഥയ്ക്ക് ശേഷം ബോളിവുഡ് ഖിലാഡി അക്ഷയ് കുമാര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് പാഡ് മാന്‍.
ആര്‍ത്തവത്തെയും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുമുളള ബോധവത്ക്കരണമാണ് ചിത്രം മുന്നോട്ടു വയ്ക്കുന്നത്. കുറഞ്ഞ ചിലവില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മിക്കാന്‍ പുതിയ മാര്‍ഗം തേടുകയും അത് വഴി രാജ്യത്തുടനീളം ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം നേടി കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്ത അരുണാചലം മുരുഗാനന്ദന്റെ ജീവിതകഥയാണ് പാഡ് മാനിലൂടെ സംവിധായകന്‍ ബാല്‍കി പറയാന്‍ ശ്രമിക്കുന്നത്.
ചിത്രത്തെക്കുറിച്ചും ചിത്രം ചെയ്യുമ്പോള്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം കഴിഞ്ഞ ദിവസം അക്ഷയ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. സാനിറ്ററി പാഡുകള്‍ സൗജന്യമായി ലഭ്യമാക്കാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതാണെന്ന് അക്ഷയ് കുമാര്‍ അഭിപ്രായപ്പെട്ടു.സ്ത്രീകളുടെ പിങ്ക് പാന്റിയും സാനിറ്ററി പാഡും ധരിക്കേണ്ട രംഗത്ത് എനിക്കല്‍പം ഭയം നേരിട്ടിരുന്നു. എന്ന് നടന്‍ പറയുന്നു. ഇത് രാജ്യത്തിന്റെ ദൈന്യംദിന ആവശ്യങ്ങളുടെ ഭാഗമാണ്. ജി എസ് ടി അതിനെ ബാധിക്കാന്‍ പാടില്ല.