തിരുവനന്തപുരം: നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് യുട്യൂബർ ദമ്പതികളുടെ വീട്ടിൽ നിന്ന് വീട്ടിൽനിന്ന് 118 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ നാലു പേർ പിടിയിൽ. ശ്രീവൈകുണ്ഡം സ്വദേശി ഇസക്കി പാണ്ടി (30), മുരുകൻ (28), ആലംകുളം സ്വദേശി മുരുകേശൻ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 98 പവൻ ആഭരണങ്ങൾ പിടിച്ചെടുത്തതായി എസ്പി അൻഷുൽ നഗർ അറിയിച്ചു.
24ന് രാത്രിയാണ് നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസിക്കുന്ന വ്യവസായിയായ വിനോദ് കുമാറിന്റെയും യൂട്യൂബർ മധുമിതയുടെയും വീട്ടിൽനിന്ന് 118 പവൻ സ്വർണവും പണവും മോഷണം പോയത്. തന്റെ വീട്ടിൽ സ്വർണവും പണവുമുള്ള വിവരം കൃത്യ സ്ഥലമടക്കം പ്രദർശിപ്പിച്ച് വീഡിയോ മധുമിത യുട്യൂബിൽ പങ്കുവച്ചതിനു പിന്നാലെയാണ് മോഷ്ടാക്കൾ വീടു തേടി കവർച്ച നടത്തിയത്. മധുമിതയും ഭർത്താവും പുറത്തു പോയപ്പോഴായിരുന്നു സംഭവം. 12 മണിക്ക് ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും മോഷണം പോയ വിവരം അറിഞ്ഞത്. തുടർന്ന് രാജാക്കമംഗലം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നു ബൈക്കുകൾ അതുവഴി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. സംഘം ശ്രീവൈകുണ്ഠത്തിൽ ഉണ്ടെന്ന് കണ്ടെത്തി പൊലീസ് അവിടെ എത്തുമ്പോഴേക്കും അവർ കന്യാകുമാരിക്കു തിരിച്ചിരുന്നു. തുടർന്ന് 120 കിലോമീറ്ററോളം പിന്തുടർന്നാണ് ഇവരെ പിടികൂടിയത്. എരമ്പക്കാട് വാഹനപരിശോധനയ്ക്കിടെയാണ് ഇസക്കി പാണ്ടിയും മുരുകനും പിടിയിലായത്. ഇവരിൽനിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാക്കി രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യുകയും 98 പവൻ കണ്ടെടുക്കുകയും ചെയ്തത്.
അതേസമയം യുട്യൂബിൽ വീഡിയോ കണ്ടതിനെ തുടർന്നാണ് മോഷണം ആസൂത്രണം ചെയ്തതെന്നു പ്രതികൾ പറഞ്ഞു. ദിവസങ്ങളായി വീട് നിരീക്ഷിച്ചിരുന്നു. സംഭവദിവസം കാർ വീട്ടിൽ കാണാതിരുന്നതോടെ ഉടമകൾ പുറത്തു പോയി എന്ന് തിരിച്ചറിഞ്ഞാണ് വീടിന്റെ പിൻവാതിൽ തകർത്ത് ഉള്ളിൽ കടന്നതെന്നും മോഷ്ടാക്കൾ പറഞ്ഞു. കന്യാകുമാരി ഡിവൈഎസ്പി പ്രകാശിന്റെ നേതൃത്വത്തിൽ രാജാക്കമംഗലം പോലീസ് ഏഴു പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് ശ്രീവൈകുണ്ഠം വരെയുള്ള 160 സിസിടിവി ക്യാമറകൾ പരിശോധിച്ചത്.




