ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇതിൽ രണ്ടുപേരെ കണ്ടെത്തിയെങ്കിലും ഇരുവരും ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ഭദോഹി ജില്ലയിലാണ് സംഭവം. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമത്തെ പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഒക്ടോബർ 21-ന് രാവിലെയാണ് ഗോപിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഗ്രാമങ്ങളിൽനിന്ന് പെൺകുട്ടികളെ കാണാതായത്. സൈക്കിളിൽ സ്കൂളിലേക്ക് പോയ 14, 15, 16 വയസ്സുള്ള പെൺകുട്ടികൾ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ സ്കൂളിന് സമീപത്തുനിന്ന് ഇവരുടെ സൈക്കിളുകൾ കണ്ടെത്തി. അന്വേഷണത്തിനിടെ മൂന്ന് യുവാക്കൾക്കൊപ്പം പെൺകുട്ടികളെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികൾ പിടിയിലായത്. 14 വയസ്സുകാരിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 22-നും 24-നും ഇടയിൽ പ്രായമുള്ള രണ്ടുപേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് 14-ഉം 15-ഉം വയസ്സുള്ള പെൺകുട്ടികളെ കണ്ടെത്തിയത്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. ഇതോടെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64(1), പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവയും കേസിൽ ഉൾപ്പെടുത്തി.
കണ്ടെത്തിയ രണ്ട് പെൺകുട്ടികളുടെയും മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാണാതായ മൂന്നാമത്തെ പെൺകുട്ടിക്കായും ഒളിവിലുള്ള പ്രതിക്കായും അന്വേഷണം തുടരുകയാണ്.