കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കൾക്ക് ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടിസ് അയച്ചു. ഹസൻ വാരിസ്, നന്ദുലാൽ, നിഖിൽ എന്നിവർക്കാണ് ഇ.ഡി സമൻസ് അയച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയത്. മുഹമ്മദ് റിയാസിന്റെ ഭാര്യയും എക്സാലോജിക് ഡയറക്ടറുമായ ടി.വീണയുടെ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട് അടക്കമുള്ള വിവിധയിടങ്ങളിൽ ഇഡിയുടെ പരിശോധന നടന്നത്.
അതേസമയം 2024ൽ രജിസ്റ്റർ ചെയ്ത ആദ്യ ഇസിഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി എന്നാണ് വിവരം. കേസിൽ ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും ഇ.ഡി വൃത്തങ്ങൾ പറയുന്നു. 2024ൽ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് രണ്ടു വർഷത്തോളം നടപടികൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. തുടർന്ന് കോടതി സ്റ്റേ നീക്കിയതോടെ കഴിഞ്ഞ മേയ് അവസാനത്തോടെയാണ് കേസിൽ അന്വേഷണം ഊർജിതമാക്കിയത്. പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവരുടെ വസതികളിലും റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും നടത്തിയ പരിശോധനയിൽ ലഭിച്ച നിർണായക വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യലിനുള്ള നടപടിയിലേക്ക് ഇഡി കടക്കുന്നത്.
അതിനിടെ, സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിക്കുകയും കേസിൽ അന്തിമവാദം കേൾക്കുന്നത് വരെ സിംഗിൾ ബെഞ്ച് ഉത്തരവും വിജിലൻസ് എഫ്ഐആർ അനുസരിച്ചുള്ള തുടർഅന്വേഷണവും കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വിജിലൻസ് എഫ്ഐആർ അനുസരിച്ച് ഇ.ഡി രജിസ്റ്റർ ചെയ്ത ഇസിഐആറിനെ കുറിച്ച് കോടതി ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിരുന്നില്ല. അതിനാൽ തങ്ങളുടെ കേസ് നിലനിൽക്കുമെന്നായിരുന്നു ഇ.ഡിയുടെ വാദം. അതിനിടെയാണ്, 2024 മാർച്ചിൽ രജിസ്റ്റർ ചെയ്ത ഇസിഐആർ അനുസരിച്ച് നിയമനടപടികളുമായി ഇ.ഡി മുന്നോട്ടു പോകുന്നത്