ഗുജറാത്ത്: പ്രണയബന്ധത്തിലെ തർക്കത്തെ തുടർന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എഎസ്ഐ) കൊലപ്പെടുത്തി മൃതദേഹം കാറിലിട്ട് കത്തിച്ച സംഭവത്തിൽ വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം കാറിലിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അരവല്ലി ജില്ലയിലാണ് സംഭവം.
അറസ്റ്റിലായ 37കാരിയായ ഹെഡ് കോൺസ്റ്റബിൾ അൽഫാബെൻ കേലസ്വയും കൊല്ലപ്പെട്ട 45കാരനായ എഎസ്ഐ അശ്വിൻഭായ് തബിയാദും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരുവരും അയൽ ജില്ലയായ സബർകാന്തയിലെ ചിതോഡ പൊലീസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്.
നവംബർ 10നാണ് അരവല്ലിയിലെ ഭിലോഡ മേഖലയിൽ പൂർണമായും കത്തിനശിച്ച നിലയിൽ മാരുതി എർട്ടിഗ കാർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിനുള്ളിൽ കത്തിക്കരിഞ്ഞ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ആദ്യം അപകട മരണത്തിനുള്ള റിപ്പോർട്ട് രജിസ്റ്റർ ചെയ്തിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ അശ്വിൻഭായിയുടേതാണെന്ന് കുടുംബാംഗങ്ങൾ സംശയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനകൾക്കൊടുവിൽ അദ്ദേഹത്തിന്റെ സഹോദരൻ സിദ്ധരാജ് തബിയാദ് ഔദ്യോഗികമായി പരാതി നൽകി. ഇതോടെ നവംബർ 16ന് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു.
അൽഫാബെൻ അശ്വിൻഭായിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ബന്ധം തുടരാൻ അശ്വിൻ സമ്മർദം ചെലുത്തിയിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തൽ. നവംബർ 8 രാത്രി അൽഫാബെൻ ചിതോഡയിലെ വാടകവീട്ടിലേക്ക് അശ്വിനെ വിളിച്ചുവരുത്തി. അന്ന് രാത്രി അവിടെ താമസിച്ച അശ്വിനെ അൽഫാബെൻ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പിറ്റേന്ന് രാവിലെ മൃതദേഹം മാറ്റുന്നതിനായി അൽഫാബെൻ തന്റെ സഹോദരൻ 36കാരനായ കൽപേഷ്‌ഭായ് കേലസ്വയെ വിളിച്ചുവരുത്തി. കൽപേഷ് 28കാരനായ ബന്ധു പങ്കജ്‌കുമാർ കേലസ്വയോടൊപ്പം മാരുതി ഈക്കോ കാറിൽ വീട്ടിലെത്തി. ഇരുവരും ചേർന്ന് അശ്വിന്റെ മൃതദേഹം ഒരു ചാക്കിലാക്കി വീട്ടിനുള്ളിൽ ഒളിപ്പിച്ചു. പിന്നീട് പങ്കജ് അശ്വിന്റെ എർട്ടിഗ കാർ സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി. അൽഫാബെനും കൽപേഷും ഈക്കോ കാറിൽ പങ്കജിനെ പിന്തുടർന്നു.
രാത്രിയോടെ കൽപേഷും 33കാരനായ സുഹൃത്ത് മനോജ്‌കുമാർ നിനാമയും വിജയനഗറിലെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം വാങ്ങി. തുടർന്ന് മൃതദേഹം അടങ്ങിയ ചാക്ക് അശ്വിന്റെ എർട്ടിഗയിലേക്ക് മാറ്റി ഹാത്മതി നദിക്ക് സമീപം എത്തിച്ചു. അവിടെ അൽഫാബെൻ, കൽപേഷ്, മനോജ് എന്നിവർ ചേർന്ന് മൃതദേഹത്തിലും കാറിലും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനിടെ തീ പെട്ടെന്ന് ആളിപ്പടർന്നതോടെ അൽഫാബെന്റെ മുഖത്തും കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പൊള്ളലേറ്റു. പിന്നീട് ഇവർ ചികിത്സ തേടുകയും ചെയ്തു.
അരവല്ലി പൊലീസ് സൂപ്രണ്ട് മനോഹർസിങ് ജഡേജയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. സമീപ നഗരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ, സാങ്കേതിക പരിശോധനകൾ, നാട്ടുകാരിൽനിന്ന് ലഭിച്ച വിവരങ്ങൾ എന്നിവ അന്വേഷണത്തിൽ നിർണായകമായി.
കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങളിൽനിന്ന് ഡിഎൻഎ സാമ്പിളുകളും അശ്വിന്റെ പിതാവിൽനിന്നുള്ള സാമ്പിളുകളും ശേഖരിച്ച് തിരിച്ചറിയൽ നടപടികൾ നടത്തി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അൽഫാബെനെ ചോദ്യം ചെയ്തതോടൊപ്പം മറ്റ് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നാലുപേരും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനും മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിക്കാനും ഉപയോഗിച്ച മാരുതി ഈക്കോ കാർ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.