തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ രംഗത്തുവന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ വിമര്‍ശിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. എന്തെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി വേദികളിലോ മുന്നണി വേദികളിലോ ചര്‍ച്ച ചെയ്യണം. ഊര്‍ജസ്വലനായ മുഖ്യമന്ത്രിയെ താറടിക്കാനും എതിര്‍ക്കാനും, അത് വഴി ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കാനും നടത്തുന്ന നീക്കം ഒരിക്കലും ശരിയല്ലെന്ന് ആര്‍ ചന്ദ്രശേഖരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആകപ്പാടെ തകര്‍ന്നുപോയ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിതരാകാന്‍ കൊതിച്ച കേരളത്തിലെ ജനങ്ങളുടെ മുന്നിലേക്കാണ് പുത്തന്‍ പ്രതീക്ഷകളുടെ ഒരു അജണ്ട വി ഡി സതീശന്‍ അവതരിപ്പിച്ചത്. ആ അജണ്ട നേടിയെടുക്കുന്നതിന് വേണ്ടി കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്. കേരളത്തിലെ ഓരോ മേഖലകളെയും ശക്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന വി ഡി സതീശന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങള്‍ വലിയ താല്‍പ്പര്യത്തോടെയാണ് നോക്കിക്കാണുന്നത്.
നാലു മാസം എന്നത് പരാതി പറയാന്‍ മാത്രമുള്ള സമയം ആയിട്ടില്ല. കലാപകലുഷിതമായ ഒരു അന്തരീക്ഷം ബിജെപിയും സിപിഎമ്മും ഉണ്ടാക്കുന്ന അന്തരീക്ഷത്തില്‍, ജീവിതകാലം മുഴുവന്‍ വന്‍ സ്ഥാനങ്ങള്‍ ലഭിച്ച ആളുകള്‍ ഇത്തരത്തിലുള്ള പരസ്യ പ്രതികരണങ്ങളും ജല്‍പ്പനങ്ങളുമായി വരുന്നത് മര്യാദകേടാണെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി.




