ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിൽ മൂന്ന് വയസ്സുകാരനായ പ്രീ-കെജി വിദ്യാർഥിയെ നൈലോൺ കയർ ഉപയോഗിച്ച് കൈകൾ കെട്ടിയിട്ട് അധ്യാപിക മർദിച്ചതായി പരാതി. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പ്രതിഷേധം ശക്തമായി.
തിരുത്തുറൈപ്പൂണ്ടിയിലെ സായ് റാം മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഇവിടെ പ്രീ-കെജിയിൽ പഠിക്കുന്ന കുട്ടിയുടെ ശരീരത്തിൽ ചൊവ്വാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളായ ഗോപിനാഥും മഹിമയും പരിക്കുകൾ ശ്രദ്ധിച്ചത്. കുട്ടിയോട് കാര്യം തിരക്കിയപ്പോൾ അധ്യാപികയും സ്കൂളിലെ വനിതാ ജീവനക്കാരിയും ചേർന്ന് മർദിച്ചതായി പറഞ്ഞെന്നാണ് വിവരം.
ഇതോടെ സംശയം തോന്നിയ മാതാപിതാക്കൾ സ്കൂളിലെത്തി വിശദീകരണം തേടി. തുടർന്ന് കുട്ടിയുടെ പിതാവ് ഗോപിനാഥ് ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിയുടെ കൈകൾ നൈലോൺ കയർ ഉപയോഗിച്ച് കെട്ടുന്നതായി കണ്ടെത്തിയെന്നാണ് പരാതി. സ്കൂളിനുള്ളിലെ ഒരു സ്ക്രീനിനോട് ചേർത്ത് കുട്ടിയെ വനിതാ ജീവനക്കാരി ബലമായി അമർത്തിപ്പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് റിപ്പോർട്ട്.
ഗോപിനാഥ് സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി തിരുത്തുറൈപ്പൂണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയെ മർദിച്ചവർക്കും സ്കൂൾ മാനേജ്‌മെന്റിനുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അധ്യാപികയ്ക്കും ജീവനക്കാരിക്കുമെതിരെ അന്വേഷണം
പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപിക ഭഗ്യലക്ഷ്മി (26), സ്കൂൾ അസിസ്റ്റന്റ് സെൽവി (55) എന്നിവർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുത്തുറൈപ്പൂണ്ടിയിലെ അണ്ണാ നഗർ സ്വദേശിയാണ് സെൽവി. മൂന്ന് വയസുകാരനെ കെട്ടിയിട്ട് മർദിക്കുന്നതായി ആരോപിക്കപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സ്കൂളിനുള്ളിൽ കുട്ടിയോട് നടത്തിയ പെരുമാറ്റത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.