BREAKING NEWS

പാർക്കിൽ ഇരിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ ‘കുട്ടി’ സദാചാര പോലീസുകാരുടെ ആക്രമണം, പ്രായപൂർത്തിയാകാത്ത കുട്ടികൾ മരക്കമ്പുകൊണ്ട് യുവാവിന്റെ പുറത്തിനിട്ട് അ‌ടിച്ചു, കേസെടുത്ത് പോലീസ്, മാതാപിതാക്കൾക്കും നോട്ടീസ്- വീഡിയോ വൈറൽ…

· · 1 min read
Share: Copied!

മുംബൈ: മുംബൈയിലെ പൊതുപാർക്കിൽ യുവതിക്കും യുവാവിനും നേരെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ ആക്രമണം. കുർള വെസ്റ്റിലെ ഫീനിക്സ് മാളിന് പിന്നിലുള്ള പ്രമോദ് മഹാജൻ ഗാർഡനിലാണ് സംഭവം. യുവാവിനെ മരക്കമ്പുകൾ ഉപയോഗിച്ച് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

സംഭവത്തിന്റെ വീഡിയോ ബിജെപി നേതാവ് കിരിത് സോമയ്യയും പങ്കുവെച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ യുവതിയോടും യുവാവിനോടും ആദ്യം വാക്കുതർക്കത്തിലേർപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ സംഘം ഇരുവരെയും വളയുകയും വഴിതടയുകയും ചെയ്തു. ഇതിനിടെ ചിലർ മരക്കമ്പുകൾ ഉപയോഗിച്ച് യുവാവിനെ അടിക്കുന്നതും മറ്റുള്ളവർ ഇയാളെ ഇടിക്കുന്നതും വീഡിയോയിൽ കാണാം.

യുവാവിനൊപ്പമുണ്ടായിരുന്ന യുവതി ആക്രമണം തടയാനും ഇയാളെ രക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ അക്രമികൾ മർദനം തുടരുകയായിരുന്നു. പിന്നീട് ഇരുവരും അക്രമികളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് സ്ഥലത്തുനിന്ന് മാറി.

സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മുംബൈ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികളെ തിരിച്ചറിഞ്ഞ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 189(2) (നിയമവിരുദ്ധമായി സംഘം ചേരൽ), 118(1) (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് മനഃപൂർവം പരിക്കേൽപ്പിക്കൽ), 352 (സമാധാനലംഘനം ഉണ്ടാക്കാൻ ഉദ്ദേശിച്ച് മനഃപൂർവം അപമാനിക്കൽ), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റ് പ്രസക്തമായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

പ്രതികളായ കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കുട്ടികളുടെ മാതാപിതാക്കൾക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച ബിജെപി നേതാവ് കിരിത് സോമയ്യ ആക്രമണത്തെ ‘മുസ്ലിം ഗുണ്ടായിസം’ എന്ന് വിശേഷിപ്പിച്ചു. സംഭവസ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം എക്സിലെ പോസ്റ്റിലൂടെ അറിയിച്ചു.

പൊതുസ്ഥലങ്ങളിൽ നടക്കാനിറങ്ങുന്ന പൗരന്മാരെ ഉപദ്രവിക്കുന്നവർക്കെതിരെ ഒരു സാഹചര്യത്തിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുംബൈ പൊലീസും മുന്നറിയിപ്പ് നൽകി. പൊതുസ്ഥലങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026
BREAKING NEWS
ബംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഥാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം
28 Nov 2026
BREAKING NEWS
'അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്'; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്
28 Nov 2026