BREAKING NEWS

‘ഉറ്റബന്ധുക്കള്‍ തമ്മിലുള്ള വിവാഹം തടയാന്‍ നിയമം വേണം’; കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഉറ്റബന്ധുക്കൾ തമ്മിലുള്ള വിവാഹം തടയുന്നതിന് നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ഇത്തരം വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികളിൽ ജനിതക വൈകല്യങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്ന ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. എന്നാൽ, ഇക്കാര്യത്തിൽ കോടതിക്ക് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും സാമൂഹിക പരിഷ്കരണം ലക്ഷ്യമിട്ട് നിയമനിർമാണം നടത്തേണ്ടത് നിയമനിർമാണ വകുപ്പാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരും ഉൾപ്പെട്ട ബെഞ്ച് ബെംഗളൂരുവിൽ നിന്നുള്ള ചർവി എന്ന നിയമവിദ്യാർഥിനി സമർപ്പിച്ച ഹർജിയിലാണ് വാദം കേട്ടത്. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികളിൽ ജനിതക വൈകല്യങ്ങൾക്കും രോഗങ്ങൾക്കും സാധ്യതയുണ്ടെന്നിരിക്കെ, കേവലം ആചാരത്തിന്റെ പേരിൽ ഇത്തരം വിവാഹങ്ങൾ അനുവദിക്കേണ്ടതുണ്ടോയെന്നായിരുന്നു ഹർജിക്കാരിയുടെ ചോദ്യം.

ഇക്കാര്യത്തിൽ അനുകൂലമായ നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടുകയാണെന്ന് കോടതി വ്യക്തമാക്കി. വിവിധ മാധ്യമങ്ങളിലൂടെ കൃത്യമായ രൂപരേഖയോടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതും പരിഗണിക്കാവുന്നതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

സമീപകാല മെഡിക്കൽ പഠനങ്ങൾ പ്രകാരം രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികളിൽ ഹോമോസൈഗോസിറ്റി കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത് ജനിതകരോഗങ്ങൾ, ജന്മനാ ഉണ്ടാകുന്ന അവയവവൈകല്യങ്ങൾ, കാഴ്ച-കേൾവി പ്രശ്നങ്ങൾ, വളർച്ചാ വൈകല്യങ്ങൾ, ശിശുമരണം തുടങ്ങിയവയ്ക്ക് കാരണമാകാമെന്നാണ് പഠനങ്ങളിലെ കണ്ടെത്തലെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത്തരം വിവാഹങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ബോധവത്കരണം ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലകളിലാണ് ഇത്തരം വിവാഹങ്ങൾ കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടുന്നതെന്നും ഹർജിക്കാരി ആരോപിച്ചു.

അതേസമയം, വിവാഹം വ്യക്തിയുടെ സ്വകാര്യ തീരുമാനമാണെന്നും അന്തിമ തീരുമാനം വ്യക്തികൾക്കുതന്നെയാണെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ സമാനമായ വിവാഹബന്ധത്തിലൂടെ ജനിച്ച ഒരാൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തിലും കോടതി ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി.

താനും ഒരേ കുടുംബത്തിനുള്ളിലെ വിവാഹത്തിലൂടെ ജനിച്ചയാളാണെന്നും 40 ശതമാനത്തോളം കാഴ്ചവൈകല്യം അനുഭവിക്കുന്നുണ്ടെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു. ഇത്തരമൊരു ആചാരത്തിന്റെ അനന്തരഫലങ്ങൾ നേരിട്ട് അനുഭവിക്കേണ്ടിവന്ന സാഹചര്യത്തിലാണ് നിയമപരമായ ഇടപെടൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നും അവർ വ്യക്തമാക്കി.

ഹിന്ദു വിവാഹ നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ പ്രകാരം രക്തബന്ധത്തിലുള്ളവരും സപിണ്ഡ ബന്ധത്തിലുള്ളവരും തമ്മിലുള്ള വിവാഹങ്ങൾ മതിയായ ആരോഗ്യപരിരക്ഷാ നടപടികളില്ലാതെ നടത്തുന്നത് നിരോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇത്തരം വിവാഹത്തിന് തീരുമാനിക്കുന്നവർക്ക് കൗൺസിലിങ്ങും ഭാവിതലമുറയ്ക്കുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നൽകണം. ഇതിന്റെ ഭാഗമായി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വിവാഹങ്ങൾക്ക് നിയന്ത്രണമില്ലാത്തത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാരി വാദിച്ചു.

BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026
BREAKING NEWS
ബംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഥാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം
28 Nov 2026
BREAKING NEWS
'അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്'; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്
28 Nov 2026