കൊല്ലം: സൗദിയിൽ ഭർത്താവിനൊപ്പം കഴിയവേ താൻ അതിക്രൂരമായി ശാരീരിക മാനസിക പീഡനത്തിനിരയായെന്ന് കൊല്ലം സ്വദേശിനിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ. പുത്തൻതുറ സ്വദേശി അഞ്ജുവാണ് ഭർത്താവ് നന്ദുവിന്റെ പീഡനത്തിൽ നിന്ന് ജീവനും കയ്യിൽ പിടിച്ച് നാട്ടിലെത്തിയത്.
ആദ്യം സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു ഉപദ്രവം. പലപ്പോഴും ക്രൂരമായി ഉപദ്രവിച്ചു, അയാളുടെ ഇടിയേറ്റ് കൈ മുഴുവൻ ചതഞ്ഞ് പാടുകളായി. ഉപദ്രവിച്ചപ്പോൾ ഞാൻ കരഞ്ഞു. കരഞ്ഞപ്പോൾ ശബ്ദം പുറത്തുകേട്ടെന്ന് പറഞ്ഞ് ഇടികല്ലിനിടിച്ചു. കൂടാതെ മോപ്പും കുക്കറും ലാപ്ടോപിൻറെ ചാർജറും ബെൽറ്റും കൊണ്ട് ശരീരമാസകലം തല്ലി. കത്തിയും സ്ക്രൂഡ്രൈവറും കൊണ്ട് തോളിലും വയറിലും കുത്തി. രാത്രിയിലും വെളുപ്പിനെയുമാണ് ക്രൂരമായി മർദിക്കുന്നത്’- ഭർത്താവിന്റെ ക്രൂരതകൾ അക്കമിട്ട് അഞ്ജു വെളിപ്പെടുത്തി.
അതേസമയം നാലു മാസം മുൻപായിരുന്നു വിവാഹം. ഡേറ്റ അനലിറ്റിക്സിൽ പിജി കഴിഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു വിവാഹം. അച്ഛൻ മത്സ്യത്തൊഴിലാളിയും അമ്മ വീട്ടമ്മയുമാണ്. നന്ദുവുമായുള്ളത് അറേഞ്ച്ഡ് മാര്യേജായിരുന്നു. പരീക്ഷയെഴുതി രണ്ടാമത്തെ ദിവസമായിരുന്നു കല്യാണം. നാട്ടിൽ അന്വേഷിച്ചപ്പോഴും മോശം കാര്യങ്ങളൊന്നും കേട്ടില്ല. മദ്യപിക്കുമെന്ന് അറിയുമായിരുന്നു. വിവാഹത്തിനു മുൻപ് ഫോണിൽ സംസാരിക്കുമ്പോഴും കുറച്ചു സംശയം ഉള്ളതുപോലെ സംസാരിച്ചു. അന്നു പക്ഷേ, വലിയ കാര്യമായി എടുത്തിരുന്നില്ല. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഇതു രൂക്ഷമായി.
ഫോൺ നമ്പർ മാറ്റി പുതിയത് എടുപ്പിച്ചു. സുഹൃത്തുക്കളോടു സംസാരിക്കുന്നതു വിലക്കി. വാട്സാപ്പും സോഷ്യൽ മീഡിയയിലെ അക്കൗണ്ടും എല്ലാം കാണിക്കണം. വിവാഹം കഴിഞ്ഞ് അയാൾ ജോലിസ്ഥലത്തേക്കു പോയിട്ട് വീഡിയോകോൾ ചെയ്യുന്ന സമയത്ത് സ്ക്രീൻ റെക്കോഡ് ചെയ്യാൻ പറയും. വിവാഹം കഴിഞ്ഞ് ചെന്നപ്പോൾ മുതൽ സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു വിഷമിപ്പിക്കും. സഹോദരിക്ക് ഇത്ര സ്ത്രീധനം കൊടുത്തു. എനിക്ക് കിട്ടിയതു കുറഞ്ഞുപോയി എന്നാണു പറയുക.
കൂടാതെ അയാൾക്കു നേരത്തെ ഒരു കാമുകി ഉണ്ടായിരുന്നു. അവരുമായി താരതമ്യപ്പെടുത്തി സംസാരിക്കും. ഒരിക്കൽ അവരുടെ ശരീരവും എന്റേതുമായി താരതമ്യപ്പെടുത്തി സംസാരിച്ചു. എന്നെ കാണാൻ അവരുടെ അത്ര ഭംഗിയില്ല. എന്റെ സ്റ്റാറ്റസിനു ചേരുന്നില്ല. എന്നൊക്കെയാണു പറയുക. പിന്നെ എന്തിനാണ് എന്നെ കല്യാണം കഴിച്ചതെന്ന് ഒരു തവണ ചോദിച്ചപ്പോൾ, അത് എനിക്ക് പറ്റിപ്പോയ തെറ്റാണെന്നാണ് അയാൾ പറഞ്ഞത്. ഒരു ദിവസം ഞാൻ തിരിച്ചു വീട്ടിലേക്ക് പോന്നു. പിന്നീട് അവർ സ്നേഹം നടിച്ച് തിരിച്ചു വിളിച്ചുകൊണ്ടുപോയി. എന്റെ സർട്ടിഫിക്കറ്റ് ഒന്നും അന്ന് കിട്ടിയിരുന്നില്ല. അതുകൊണ്ട് ജോലിക്ക് പോകാൻ പറ്റില്ലായിരുന്നു. സർട്ടിഫിക്കറ്റ് കിട്ടുന്നതുവരെ ലൈഫ് എൻജോയ് ചെയ്യാമെന്നു പറഞ്ഞാണ് സൗദിയിലേക്കു കൂടെ കൊണ്ടുപോയത്. അവിടെവച്ചാണ് ശാരീരിക പീഡനം ആരംഭിക്കുന്നതെന്നും യുവതി പറയുന്നു.
അതേസമയം, അഞ്ജുവിനെ താൻ മർദിക്കുന്നുവെന്ന വിവരം നന്ദു വീട്ടിൽ അറിയിച്ചിരുന്നു. നന്ദുവിൻറെ അമ്മയ്ക്കും അച്ഛനും കാര്യങ്ങൾ അറിയാമായിരുന്നുവെന്നും എന്നാൽ അവർ ഒരിക്കൽ പോലും വിലക്കിയില്ലെന്നും യുവതിയും പറയുന്നു. ക്രൂരമായി ഉപദ്രവിച്ച ശേഷം തന്നെ ഭീഷണിപ്പെടുത്തി നന്ദു ഓഡിയോ റെക്കോർഡ് ചെയ്തിരുന്നുവെന്നും ഇത് സുഹൃത്തുക്കൾക്ക് അയച്ച് കൊടുക്കുകയാണെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ചവറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സൗദിയിലാണ് നന്ദു. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.




