തിരുവനന്തപുരം: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധന കൃത്യമായും ശരിയായ രീതിയിലും മാത്രമാണ് നടത്തിയത് എന്ന് ഡി.ജി.പി. റവാഡ ചന്ദ്രശേഖർ. അന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഈ റെയ്ഡിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും പരിശോധന കൃത്യമായി നടത്താൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ റെയ്ഡിന്റെ ഭാഗമായി ഓഫീസിൽ നിന്ന് രേഖകളും ഡിജിറ്റൽ വിവരങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ കേസിന്റെ അന്വേഷണം വളരെ പ്രാഥമിക ഘട്ടത്തിൽ മാത്രമാണ് നിൽക്കുന്നത്. പിടിച്ചെടുത്ത തെളിവുകൾ വിശകലനം ചെയ്ത ശേഷമായിരിക്കും തുടർന്നുള്ള നടപടികളിലേക്ക് പോവുക. ലഭിച്ച തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. കേസിന്റെ സമഗ്രമായ അന്വേഷണമാണ് നടക്കുകയെന്നും എല്ലാ കോണുകളിൽ നിന്നുമുള്ള തെളിവുകൾ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.




