BREAKING NEWS

‘ശരീരം മുഴുവൻ എല്ലുനുറുങ്ങും വേദനയാണ്; കണ്ണടയ്ക്കുമ്പോൾ പേടി ഇരച്ചെത്തും; ആഹാരം കഴിക്കാൻ കഴിയുന്നില്ല; കണ്ണാടിയിൽ നോക്കുമ്പോൾ ഞാനറിയുന്ന ഞാനല്ല മുന്നിൽ…’; റാപ്പിഡോ അപകടത്തിൽ തകർന്ന സാനി കൃഷ്ണ

· · 1 min read
Share: Copied!

കോഴിക്കോട്: വാക്കുകൾ മുഴുമിപ്പിക്കാനാകാതെ വിതുമ്പുകയാണ് സാനി കൃഷ്ണ. ‘ശരീരം മുഴുവൻ എല്ലുനുറുങ്ങും വേദനയാണ്. കണ്ണടയ്ക്കുമ്പോൾ പേടി ഇരച്ചെത്തും. നടക്കാൻ പോലും പ്രയാസം. ആഹാരം കഴിക്കാൻ കഴിയുന്നില്ല. കണ്ണാടിയിൽ നോക്കുമ്പോൾ ഞാനറിയുന്ന ഞാനല്ല മുന്നിൽ…’ബെംഗളൂരുവിൽ ഓൺലൈൻ ബൈക്ക് ടാക്സി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജീവിതം തന്നെ മാറിപ്പോയ കുന്ദമംഗലം സ്വദേശിനി സാനിയുടെ വേദനയ്ക്ക് അപകടം നടന്നിട്ട് രണ്ടുമാസം പിന്നിട്ടിട്ടും അറുതിയായിട്ടില്ല. അതിനിടെ, അപകടത്തിന് കാരണക്കാരെന്ന് സാനി ആരോപിക്കുന്ന റാപ്പിഡോ അധികൃതർ തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും ചികിത്സയ്ക്കായി ഒരു രൂപ പോലും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെന്നും സാനി പറയുന്നു.

ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന 32കാരിയായ സാനി കൃഷ്ണയ്ക്ക് ജൂൺ 17നാണ് അപകടമുണ്ടായത്. ബെംഗളൂരു സി.വി. രാമൻ നഗറിലെ വീട്ടിൽനിന്ന് ഡൊമ്മല്ലൂരിലെ ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. അന്നാദ്യമായാണ് സാനി റാപ്പിഡോ ബൈക്ക് ടാക്സി ഉപയോഗിച്ചത്.

യാത്രയ്ക്കിടെ ബൈക്ക് ഓടിച്ചിരുന്ന ഡ്രൈവർ ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം നിയന്ത്രണംവിട്ട് റോഡിൽ തെറിച്ചുവീഴുകയായിരുന്നു എന്നാണ് സാനിയുടെ ആരോപണം. പിന്നാലെ എത്തിയ ട്രാക്ടറിന്റെ ചക്രം സാനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ സാനിയെ ആദ്യം മണിപ്പാൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തിൽ സാനിയുടെ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു. പ്ലീഹ നീക്കം ചെയ്യുന്നതിനായി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടിവന്നു. മുഖത്ത് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് രണ്ടുതവണ പ്ലാസ്റ്റിക് സർജറിയും നടത്തി. ഏറെ ചികിത്സകൾക്കുശേഷമാണ് ഇപ്പോഴത്തെ നിലയിലേക്ക് തിരിച്ചെത്തിയത്. എന്നാൽ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ഇനിയും ഏറെ ദൂരം പോകാനുണ്ട്.

അപകടത്തിനുശേഷമുള്ള ചികിത്സയ്ക്കായി ഇതിനോടകം 25 ലക്ഷം രൂപയിലധികം ചെലവായതായി സാനി പറയുന്നു. ഇപ്പോഴും ഓരോ ആഴ്ചയും പരിശോധനകളും ചികിത്സകളും ഉൾപ്പെടെ കുറഞ്ഞത് 10,000 രൂപയെങ്കിലും ചെലവാകുന്നുണ്ട്. സാനി നിലവിൽ ദീർഘകാല അവധിയിലാണ്.

അപകടത്തിനുശേഷം നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് റാപ്പിഡോ അധികൃതരുമായി ആശയവിനിമയം നടത്തിയെങ്കിലും നേരിട്ട് സഹായം ലഭിച്ചില്ലെന്നാണ് സാനിയുടെ ആരോപണം. മൈക്രോ ഇൻഷുറൻസ് ആപ്പായ ‘ആക്കോ’ വഴി ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ തയ്യാറാണെന്നും ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകൻ മുഖേന അറിയിച്ചിട്ടും പിന്നീട് റാപ്പിഡോയുടെ ഭാഗത്തുനിന്ന് കാര്യമായ ആശയവിനിമയമുണ്ടായില്ലെന്നും സാനി പറയുന്നു.

ഇതിനിടെ റാപ്പിഡോ സാനിയെ സഹായിക്കുന്നുവെന്നും ചികിത്സാച്ചെലവുകൾ കമ്പനി ഏറ്റെടുത്തുവെന്നും ആശുപത്രിയിലെത്തി നേരിട്ട് കണ്ടുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നു. ഇതോടെയാണ് സാനി തന്നെ രംഗത്തെത്തി ഇക്കാര്യം നിഷേധിച്ചത്.

‘റാപ്പിഡോ എന്നെ സഹായിക്കുന്നുണ്ട് എന്ന് പറഞ്ഞ് ഇന്റർനെറ്റിൽ മുഴുവൻ വരുന്ന വാർത്തകൾ കണ്ടപ്പോഴാണ്, വേറെ വഴിയില്ലാതെ ക്യാമറയ്ക്ക് മുന്നിൽ വന്ന് സംസാരിക്കേണ്ടി വന്നത്. ഇന്നുവരെ റാപ്പിഡോയിൽനിന്ന് ഒരു രൂപ പോലും സാമ്പത്തിക സഹായമായി ലഭിച്ചിട്ടില്ല. ചികിത്സാച്ചെലവുകൾ മുഴുവൻ അവർ നോക്കുന്നുണ്ടെന്നും ആശുപത്രിയിൽ വന്ന് നേരിട്ട് കണ്ടുവെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ ശരിയല്ല,’ എന്നാണ് സാനിയുടെ പ്രതികരണം.

തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ യാത്ര ചെയ്യുന്നതിനിടെയാണ് ജീവിതം തന്നെ തകർന്നതെന്നും, എന്നിട്ടും സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്നും സാനി ആരോപിക്കുന്നു. ഒരു മൈക്രോ ഇൻഷുറൻസ് ആപ്പുമായി ബന്ധപ്പെട്ട് അഭിഭാഷകൻ മുഖേന നടപടിയെടുക്കാൻ പറയുക മാത്രമാണ് റാപ്പിഡോയുടെ ഭാഗത്തുനിന്നുണ്ടായ ഏക നിർദേശമെന്നും സാനി പറയുന്നു.

‘ഇതുവരെ ചികിത്സയ്ക്കായി ലക്ഷങ്ങളാണ് ചെലവായത്. അതെല്ലാം ഞാനും കുടുംബവും ചേർന്നാണ് കണ്ടെത്തുന്നത്. റാപ്പിഡോയ്ക്ക് ശരിക്കും സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അത് സ്വീകരിക്കും. പക്ഷേ സഹായം വെറും പ്രസ്താവനയിൽ ഒതുങ്ങാതെ ആവശ്യമുള്ള ആളുടെ കൈകളിൽ തന്നെ എത്തണം,’ സാനി പറഞ്ഞു.

അപകടത്തിന് ശേഷം സാനിയുടെ ജീവിതം തന്നെ മാറി. ശരീരത്തിലെ പരിക്കുകൾക്കൊപ്പം മാനസികമായ ആഘാതവും ഇപ്പോഴും പിന്തുടരുകയാണ്. കണ്ണടയ്ക്കുമ്പോൾ പേടി ഇരച്ചെത്തുന്നു. നടക്കാൻ പ്രയാസം. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട്. കണ്ണാടിയിൽ സ്വന്തം മുഖം കാണുമ്പോൾ പഴയ സാനിയെ തിരിച്ചറിയാനാകാത്ത അവസ്ഥ.

എങ്കിലും പുതിയ രൂപത്തെ പതിയെ അംഗീകരിക്കാൻ സാനി ശ്രമിക്കുകയാണ്. എന്നാൽ അച്ഛനും അമ്മയും സഹോദരനും ഉൾപ്പെടുന്ന കുടുംബം ചികിത്സയ്ക്കായി അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കാണുമ്പോഴാണ് സാനിയുടെ വേദന വീണ്ടും കനക്കുന്നത്.

‘ഈ മുഖം കണ്ടെങ്കിലും അധികൃതർ ഒന്ന് ഇടപെട്ടിരുന്നെങ്കിൽ’ എന്ന ആഗ്രഹമാണ് സാനി പങ്കുവയ്ക്കുന്നത്.

അപകടത്തിന് പിന്നാലെ റാപ്പിഡോ കമ്പനിക്കെതിരെ സാനി കൃഷ്ണ വക്കീൽ നോട്ടീസും അയച്ചിരുന്നു. അതേസമയം, തനിക്ക് സഹായം ലഭിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും കമ്പനി ഇതുവരെ നേരിട്ട് സാമ്പത്തിക സഹായം നൽകിയിട്ടില്ലെന്നുമാണ് സാനിയുടെ നിലപാട്.

‘ഈ അവസ്ഥയിൽ ക്യാമറയുടെ മുന്നിൽ വരാൻ എനിക്ക് യാതൊരു താൽപര്യവുമില്ലായിരുന്നു. ഇപ്പോൾ ശരിക്കും വേണ്ടത് കുറച്ച് വിശ്രമമാണ്. വേഗം സുഖം പ്രാപിച്ച് പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകണം എന്നതാണ് ആഗ്രഹം. പക്ഷേ സ്വന്തം ജീവന് വേണ്ടി പോരാടുന്നതിനൊപ്പം സത്യങ്ങൾ തെളിയിക്കാൻ വേണ്ടിയും നിർബന്ധിതയാകുകയാണ്. ഈ രണ്ടു കാര്യങ്ങളും ഒരുമിച്ച് ചെയ്യാൻ കഴിയില്ല. ഇനി ഇതുപോലൊരു വീഡിയോയുമായി വരേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നു,’ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ സാനി പറഞ്ഞു.

ഒരു യാത്രയ്ക്കായി ബൈക്ക് ടാക്സിയെ ആശ്രയിച്ച സാനിയുടെ ജീവിതമാണ് നിമിഷങ്ങൾക്കകം തകർന്നത്. മാസങ്ങൾ പിന്നിട്ടിട്ടും ചികിത്സയും സാമ്പത്തിക ബാധ്യതകളും മാനസിക ആഘാതവും അവരെ പിന്തുടരുകയാണ്. അപകടത്തിന്റെ ഉത്തരവാദിത്വവും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തർക്കവും തുടരുന്നതിനിടെ, പഴയ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സാനി.

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ബോണറ്റിൽനിന്ന് തീയും പുകയും, ഡ്രൈവറുടെ കൈയ്ക്ക് പൊള്ളലേറ്റു

BREAKING NEWS
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് 15കാരിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു; കട്ടിലിനടിയിൽ ഒളിച്ചിരുന്നു; വീട്ടുകാർ കണ്ടതോടെ അടുക്കളയിൽനിന്ന് കത്തിയെടുത്ത് ഭീഷണി; യുവാവിന് 55 വർഷം കഠിനതടവ്, 3.2 ലക്ഷം രൂപ പിഴ
13 Oct 2026
BREAKING NEWS
യുവാവിന്റെ തല വെട്ടിക്കൊണ്ടുപോയത് കുക്കി സായുധസംഘാംഗം? തലയില്ലാത്ത മൃതദേഹം സഹോദരന്റെയാണെന്ന് എന്താണ് ഉറപ്പ്? തല കൂടി കണ്ടെത്തി തന്നാൽ മൃതദേഹം സ്വീകരിക്കാം.... ഞങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും അനുസരിച്ച് മൃതദേഹം സ്വീകരിക്കാൻ കഴിയില്ല!! മണിപ്പൂരിൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ നാ​ഗാ യുവാവിന്റെ മൃതദ...
13 Oct 2026
BREAKING NEWS
ഇഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ല, ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്, പ്രാഥമിക അന്വേഷണം ആവശ്യം, മാസപ്പടി കേസില്‍ പിണറായിയുടെ ഹര്‍ജിയെ അനുകൂലിച്ച് സര്‍ക്കാര്‍
13 Oct 2026
BREAKING NEWS
"ആ ചങ്ങായി പറഞ്ഞ ഹിന്ദു-മുസ്ലിം എവിടെ നിന്നാണ് കിട്ടിയത്?? അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ, തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്?? കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം, നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെ", മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല
13 Oct 2026