BREAKING NEWS

‘850 എംപിമാരുള്ള ലോക്‌സഭയിൽ പലരും വരുന്നത് കൈയടിക്കാൻ വേണ്ടി മാത്രമായിരിക്കും… 540 എംപിമാരുള്ളപ്പോൾതന്നെ മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കാനും ശൂന്യവേളയിൽ സംസാരിക്കാനും മതിയായ അവസരം ലഭിക്കുന്നില്ല, അപ്പോഴാ അംഗസംഖ്യ ഉയർന്നത്!! രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങൾക്കാണോ, അതോ ബിജെപിയുടെ രാഷ്ട്രീയ നേട്ടങ്ങൾക്കാണോ മുൻഗണന നൽകുന്നത്?- ഡീലിമിറ്റേഷൻ ബില്ലിനെ പരിഹസിച്ച് തരൂർ

· · 1 min read
Share: Copied!

ന്യൂഡൽഹി: കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) ബില്ലിന്റെ പിന്നിലെ ബിജെപിയുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങൾക്കാണോ അതോ ബിജെപിയുടെ രാഷ്ട്രീയ നേട്ടങ്ങൾക്കാണോ സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. നിർദിഷ്ട മണ്ഡല പുനർനിർണയ നീക്കം ദീർഘവീക്ഷണമില്ലാത്തതാണെന്നും തരൂർ വിമർശിച്ചു. ജാർഖണ്ഡിലെ ജംഷഡ്പുരിൽ ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ. സർക്കാരിന്റെ നീക്കത്തിന് പിന്നിലെ ചിന്ത എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വനിതകൾക്ക് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സംവരണം നടപ്പാക്കുന്നതിനായി മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കുന്ന പുതിയ ഭരണഘടനാ ഭേദഗതി ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഓരോ സംസ്ഥാനത്തിന്റെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും ലോക്‌സഭാ സീറ്റുകളുടെ എണ്ണവും നിയമസഭകളുടെ അംഗബലവും 50 ശതമാനം വർധിപ്പിക്കാനാണ് നിർദേശം. പുതുക്കിയ സീറ്റ് വിഭജനവും മണ്ഡല അതിർത്തികളും 2051 വരെ മരവിപ്പിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

“ഇത് ദീർഘവീക്ഷണമില്ലാത്ത തീരുമാനമാണോ? അതോ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനാണോ സർക്കാർ ശ്രമിക്കുന്നത്? അതോ രാജ്യത്തിന്റെ ക്ഷേമമാണോ ലക്ഷ്യം? രാജ്യത്തിന്റെ താൽപര്യത്തിനുവേണ്ടിയാണെങ്കിൽ 815 അംഗങ്ങളുള്ള ലോക്‌സഭ എത്രത്തോളം ഫലപ്രദമായി പ്രവർത്തിക്കും? ജനങ്ങൾക്ക് സംസാരിക്കാൻ അവസരം ലഭിക്കുമോ? ചർച്ചകൾ നടക്കുമോ? നിലവിൽ 540 എംപിമാരുള്ളപ്പോൾ പോലും സഭയുടെ പ്രവർത്തനം ബുദ്ധിമുട്ടാണ്,” തരൂർ പറഞ്ഞു.

ഭരണഘടനയുടെ 132-ാം ഭേദഗതി ബിൽ 2026 പ്രകാരം ലോക്‌സഭയുടെ പരമാവധി അംഗബലം 543ൽനിന്ന് 850 ആയി ഉയർത്താനാണ് നിർദേശം. ഇതിൽ സംസ്ഥാനങ്ങളിൽനിന്ന് പരമാവധി 815 അംഗങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്ന് 35 അംഗങ്ങളും ഉണ്ടാകും. സംസ്ഥാന നിയമസഭകളുടെ പരമാവധി അംഗബലം 500ൽനിന്ന് 650 ആക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

നിലവിൽ തന്നെ മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കാനും സ്വന്തം മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനും ശൂന്യവേളയിൽ സംസാരിക്കാനും എംപിമാർക്ക് മതിയായ അവസരം ലഭിക്കുന്നില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി. അംഗസംഖ്യ 815 ആയി ഉയർന്നാൽ പലരും സഭയിൽ എത്തുന്നത് കൈയടിക്കാൻ മാത്രമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

പാർലമെന്ററി ജനാധിപത്യത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാനും ഉത്തരവാദിത്തം ഉറപ്പാക്കാനും കഴിയുന്ന ശക്തമായ സംവിധാനം അനിവാര്യമാണെന്നും തരൂർ പറഞ്ഞു. എന്നാൽ അംഗസംഖ്യ ഇത്രയധികം വർധിപ്പിക്കുന്നതിലൂടെ ആ ലക്ഷ്യം കൈവരിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

“ഈ വിപുലീകരണത്തിന് പിന്നിലെ യഥാർഥ ഉദ്ദേശ്യം എന്താണ്? ഓരോ മണ്ഡലത്തിലും അതിർത്തികൾ പുനർനിർണയിച്ച് സ്വന്തം പാർട്ടിക്ക് നേട്ടമുണ്ടാക്കുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാനാണോ ശ്രമം?” അദ്ദേഹം ചോദിച്ചു. അടുത്ത തിരഞ്ഞെടുപ്പ് മാത്രം മുന്നിൽക്കണ്ട് തീരുമാനങ്ങളെടുക്കുകയും രാജ്യത്തിന്റെ ദീർഘകാല ഭാവിയെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ക്ഷേമത്തെക്കുറിച്ചുള്ള ചിന്തയാണോ എന്നും തരൂർ ചോദിച്ചു. അടുത്ത രണ്ടുമുതൽ അഞ്ചുവർഷം വരെയുള്ള കാലയളവിൽ സ്വന്തം പാർട്ടിയുടെ നേട്ടം മാത്രമാണോ സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെടുത്തുന്നതിനാവശ്യമായ പിന്തുണ സമാഹരിക്കാനുള്ള ശ്രമത്തിലാണ് തരൂരും മറ്റ് കോൺഗ്രസ് നേതാക്കളും. ഇതിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ മുതിർന്ന ഇന്ത്യാ മുന്നണി നേതാക്കൾ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, എൻസിപി (എസ്.പി) അധ്യക്ഷൻ ശരദ് പവാർ എന്നിവരുമായി ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഡീലിമിറ്റേഷൻ ബില്ലിനെ ഇരുപാർട്ടികളും പിന്തുണച്ചിട്ടുണ്ട്.

അതേസമയം, നിർദിഷ്ട ബിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രാജ്യത്ത് അധികാരം സ്ഥിരമായി കൈവശപ്പെടുത്താനും ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കാനുമുള്ള ബിജെപി-ആർഎസ്എസ് നീക്കത്തിന്റെ ഭാഗമാണ് ബില്ലെന്നും പ്രതിപക്ഷ നേതാക്കൾ വിമർശിച്ചിട്ടുണ്ട്.

‘സ്വർണവില ഇടിഞ്ഞതുകൊണ്ട് വിപണി തകരില്ല; കേരളത്തിന്റെ സ്വർണവ്യാപാരത്തിന് ഭാവി ശക്തം’

BREAKING NEWS
"പകല്‍ മാന്യന്‍", വിഴുപ്പലക്കി പ്രസ്ഥാനത്തെ അപമാനിക്കുന്നു, രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കോഴിക്കോട്ട് ഫ്ലക്സ്
29 Nov 2026
BREAKING NEWS
പിന്നിൽ നിന്ന് കുത്തിയവർക്കും കുത്താൻ കൂട്ടുനിന്നവർക്കും ഫ്ലക്സുകളുടെ അഭിഷേകം, നാളെ പീഡനത്തെപ്പോലും റീൽസാക്കി ആഘോഷിക്കുമോ?? നന്മമരങ്ങളല്ലേ… എന്തുമാവാമല്ലോ! ഇന്ന് കുഞ്ഞൂഞ്ഞ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ചിലരുടെയൊക്കെ കരണം അടിച്ചു പുകച്ചേനെ-രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ
29 Nov 2026
BREAKING NEWS
"ഞങ്ങൾ കൂടെയുള്ളപ്പോൾ നിന്നെ മരിക്കാൻ വിടുമോ?"; ട്രാക്കിൽ ജീവനൊടുക്കാൻ കിടന്നു, "ഞാൻ യാത്രയാവുകയാണ്", മരിക്കുംമുമ്പ് ചിങ്ങവനം എസ്.ഐയെ വിളിച്ചു, ഇരുട്ടിൽ മൊബൈൽ വെളിച്ചം തേടി പോലീസ്; യുവാവിന് പുതുജീവൻ
29 Nov 2026
BREAKING NEWS
'സ്വർണവില ഇടിഞ്ഞതുകൊണ്ട് വിപണി തകരില്ല; കേരളത്തിന്റെ സ്വർണവ്യാപാരത്തിന് ഭാവി ശക്തം'
29 Nov 2026