കാഠ്മണ്ഡു: നേപ്പാളിലെ കോശി പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂമിക്കടിയിൽ പത്തുകിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) അറിയിച്ചു. സിക്കിമിലെ യുക്സോമിൽനിന്ന് 61 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 27.855 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 87.909 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജിയും വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂചലനത്തെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽനിന്ന് പുറത്തേക്കോടി. നേപ്പാളിന് പുറമേ ഇന്ത്യ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലെ വിവിധ മേഖലകളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉത്തർബംഗാളിലെ ഡാർജിലിങ്, ജൽപായ്ഗുരി, കുച്ച് ബിഹാർ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ പ്രകമ്പനമുണ്ടായത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
അതിനിടെ, ചൊവ്വാഴ്ച പുലർച്ചെ 3.39-ഓടെ അസമിലെ കർബി ആംഗ്ലോങ് ജില്ലയിലും 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഭൂമിക്കടിയിൽ 15 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
രണ്ട് ഭൂചലനങ്ങളിലുമായി ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, പ്രകമ്പനം അനുഭവപ്പെട്ട മേഖലകളിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.