മുംബൈ: നികുതിയിളവുകൾ തൊഴിലും ശമ്പളവർധനയുമായി മാറിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തെ പിന്തുണച്ച് സാമ്പത്തിക കണക്കുകൾ. വ്യവസായങ്ങൾക്ക് സർക്കാർ നൽകിയ നികുതിയിളവുകൾക്ക് ആനുപാതികമായി നിയമനവും ജീവനക്കാരുടെ ശമ്പളവും വർധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡൽഹിയിൽ നടന്ന ഫിക്കിയുടെ വാർഷിക പൊതുയോഗത്തിലായിരുന്നു മോദിയുടെ വിമർശനം.
കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമാക്കിയും ജി.എസ്.ടി. പരിഷ്കരിച്ചും 12 ലക്ഷം രൂപവരെ ആദായനികുതി ഇളവ് നൽകിയും സർക്കാർ വ്യവസായ മേഖലയെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ ഗുണഫലം കൂടുതൽ നിയമനങ്ങളായും ഉയർന്ന ശമ്പളമായും ജീവനക്കാർക്ക് ലഭിച്ചോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. ഇളവുകൾക്കായുള്ള വ്യവസായ മേഖലയുടെ ‘അടങ്ങാത്ത ആർത്തി’യെയും അദ്ദേഹം വിമർശിച്ചു.
2025–26 സാമ്പത്തിക വർഷത്തിൽ 4,046 കമ്പനികളുടെ ശമ്പളച്ചെലവ് ഒൻപത് ശതമാനം മാത്രമാണ് വർധിച്ചത്. എന്നാൽ, ഇതേ കാലയളവിൽ കമ്പനികളുടെ ലാഭം 19 ശതമാനം ഉയർന്നു. 2023–24ൽ ലാഭം 32 ശതമാനം വർധിച്ചപ്പോൾ ശമ്പളച്ചെലവിലെ വർധന 12.5 ശതമാനമായിരുന്നു. കമ്പനികളുടെ മൊത്തം ചെലവിന്റെ 11.4 മുതൽ 12.6 ശതമാനം വരെ മാത്രമാണ് ജീവനക്കാർക്കായി നീക്കിവയ്ക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ കമ്പനികളുടെ പണശേഖരം 12.8 ലക്ഷം കോടി രൂപയിലെത്തി. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്.
ഐ.ടി. സേവനങ്ങൾ, ധനകാര്യ സേവനങ്ങൾ, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളായിരുന്നു സ്വകാര്യ മേഖലയിലെ ശമ്പളവർധനയ്ക്ക് പ്രധാനമായും നേതൃത്വം നൽകിയിരുന്നത്. എന്നാൽ, അടുത്തകാലത്തായി വൻകിട കമ്പനികളും ബാങ്കുകളും നിയമനം കുറച്ചിട്ടുണ്ട്. കെയർഎഡ്ജിന്റെ കണക്കുകൾ പ്രകാരം തൊഴിൽമേഖലയിലെ സേവന മേഖലയുടെ പങ്ക് 2000ലെ 22.9 ശതമാനത്തിൽനിന്ന് 2025ൽ 31.8 ശതമാനമായി ഉയർന്നു. അതേസമയം, നിർമാണമേഖലയുടെ പങ്ക് 10–12 ശതമാനത്തിൽ തുടരുകയാണ്.
വ്യവസായങ്ങളുടെ വാർഷിക സർവേ റിപ്പോർട്ടിലും വേതനവർധനയിലെ മന്ദഗതി വ്യക്തമാകുന്നുണ്ട്. 2024–25ൽ തൊഴിലാളികളുടെ വേതനം 5.3 ശതമാനം വർധിച്ചപ്പോൾ വിലക്കയറ്റം 4.6 ശതമാനമായിരുന്നു. ഇതോടെ യഥാർഥ വേതനവർധന 0.7 ശതമാനത്തിൽ ഒതുങ്ങി. കമ്പനികൾ മികച്ച ലാഭം നേടുകയും വലിയ പണശേഖരം കൈവശംവയ്ക്കുകയും ചെയ്യുമ്പോഴും ജീവനക്കാർക്കായുള്ള ചെലവ് വളരെ സാവധാനത്തിലാണ് ഉയരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അടുത്ത ബജറ്റിൽ കൂടുതൽ നികുതിയിളവുകൾ വേണമെന്ന വ്യവസായ മേഖലയുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചേക്കില്ലെന്ന സൂചനയായാണ് മോദിയുടെ പരാമർശം വിലയിരുത്തപ്പെടുന്നത്. ഇതോടെ ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകൾ കോർപ്പറേറ്റ് മേഖല പുനഃപരിശോധിച്ചേക്കും. സർക്കാർ നൽകിയ പിന്തുണയ്ക്ക് പകരമായി വ്യവസായ മേഖലയിൽനിന്ന് കൂടുതൽ സംഭാവന പ്രതീക്ഷിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
അതേസമയം, ഉയർന്ന ഇന്ധന-അസംസ്കൃത വസ്തു ചെലവുകളും രൂപയുടെ മൂല്യത്തകർച്ചയും വ്യവസായ മേഖലയ്ക്ക് കടുത്ത സമ്മർദമുണ്ടാക്കുന്നുണ്ടെന്നാണ് വ്യവസായികളുടെ വാദം. സ്വകാര്യ നിക്ഷേപത്തിന്റെ വളർച്ചയിലും വ്യത്യസ്തമായ വിലയിരുത്തലുകളുണ്ട്. ജി.എസ്.ടി. പരിഷ്കരണത്തിനുശേഷം ഉപഭോഗം വർധിച്ചതിനൊപ്പം നിക്ഷേപവും ഉയർന്നിട്ടുണ്ടെന്നാണ് വ്യവസായ മേഖലയുടെ അവകാശവാദം.
2027–28ലെ ബജറ്റിനായുള്ള കൂടിയാലോചനകൾക്കിടെ ദീർഘകാല മൂലധന നേട്ട നികുതിയിൽ ഇളവുൾപ്പെടെയുള്ള ആവശ്യങ്ങൾ ഫിക്കി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ധനകാര്യ അച്ചടക്കം മുൻനിർത്തി നിലവിലെ നികുതി നിലനിർത്തണമെന്നാണ് ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സാമ്പത്തിക വിദഗ്ധരുടെ ആവശ്യം.