പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകിയ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എംഎൽഎ. സ്വന്തം മണ്ഡലത്തിലെ സർക്കാർ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ സൗകര്യമൊരുക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്ന് എം. വിജിൻ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന് പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ‘സ്വന്തം മണ്ഡലത്തിൽ ഒരു ആശുപത്രിയിലേക്ക് ഫ്രീസർ വാങ്ങാൻ മുഖ്യമന്ത്രിക്ക് ഒരു സ്പോൺസറെ കിട്ടില്ലേ?’ എന്നാണ് എം. വിജിൻ ചോദിച്ചത്.
മൃതശരീരത്തോട് അനാദരവ് കാട്ടുന്ന സർക്കാരാണിതെന്നും അതിന്റെ തുടക്കം മുഖ്യമന്ത്രിയുടെ നാട്ടിൽ നിന്നാണെന്നും അദ്ദേഹം വിമർശിച്ചു. ‘എരണംകെട്ടവർ നാട് ഭരിച്ചാൽ മൃതദേഹം അഴുകും’ എന്നും എം. വിജിൻ പറഞ്ഞു. മന്ത്രിമാരുടെ വിദേശയാത്രകളെയും സർക്കാർ വാഹന ഉപയോഗത്തെയും വിമർശിച്ച എം. വിജിൻ, മന്ത്രിമാർക്ക് സാധാരണ സർക്കാർ വാഹനം പോരെന്നും റേഞ്ച് റോവർ തന്നെ വേണമെന്നുമാണ് പരിഹസിച്ചത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ചെലവായ 20 ലക്ഷം രൂപയുണ്ടെങ്കിൽ 20 ഫ്രീസറുകൾ വാങ്ങാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പറവൂരിലെ ആശുപത്രി വികസനത്തിന് തടസ്സം നിന്നത് വി.ഡി സതീശനാണെന്നും എം. വിജിൻ ആരോപിച്ചു.
അതേസമയം, പറവൂർ ആശുപത്രിയിലെ മോർച്ചറി പ്രശ്നത്തിൽ ആരോഗ്യമന്ത്രി ഇടപെട്ട് പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആറ് പുതിയ ഫ്രീസറുകൾ അടിയന്തരമായി എത്തിക്കാനാണ് നിർദേശം. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സർക്കാരിനെതിരായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് എം. വിജിന്റെ പരാമർശം. തന്റെ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ കഴിയുമോ എന്നറിയില്ലെന്നും ‘മെറ്റയും സതീശേട്ടനും പ്രണയത്തിലാണ്’ എന്ന പരിഹാസവുമായി അദ്ദേഹം രംഗത്തെത്തി. സതീശനെതിരായ പരാമർശങ്ങൾ മെറ്റ നീക്കം ചെയ്യുമെന്ന ആരോപണവും എം. വിജിൻ ഉന്നയിച്ചു.





