കണ്ണൂര്‍: വിവാദ വിമാനയാത്രയില്‍ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍ എംഎല്‍എ. ചിപ്‌സണ്‍ ഏജൻസി പണമടച്ച രേഖ പുറത്തുവന്നതോടെ മുഖ്യമന്ത്രി അഴിമതി പണം നേരിട്ട് കൈപ്പറ്റിയെന്ന് വ്യക്തമായെന്നും വി.ഡി സതീശന്‍ രാജിവെക്കണമെന്നും എം. വിജിന്‍ പറഞ്ഞു. വി.ഡി സതീശന്‍ ഇതുവരെ പറഞ്ഞതെല്ലാം പച്ച നുണയാണ്.
ഹെലികോപ്റ്റര്‍ കരാര്‍ പുതുക്കാനാണ് ചിപ്‌സണ്‍ വിമാന വാടക നല്‍കിയതെന്ന് വ്യക്തമെന്നും എം. വിജിന്‍ പ്രതികരിച്ചു. ഇത് കൈക്കൂലിയാണെന്നും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും എം. വിജിന്‍ ആവശ്യപ്പെട്ടു. ജിഎസ്ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപയാണ് യാത്രയ്ക്കായി കമ്പനി നല്‍കിയതെന്നാണ് വിവരം. കേളചന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിച്ചത്. യാത്രയുടെ ചെലവ് ഒരു മലയാളി വ്യവസായി വഹിച്ചതാണെന്ന മുഖ്യമന്ത്രിയുടെ നേരത്തെയുള്ള വിശദീകരണത്തിന് വിരുദ്ധമാണ് പുതിയ രേഖകളെന്നാണ് റിപ്പോര്‍ട്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം 80 ലക്ഷം രൂപ നിരക്കില്‍ ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിന്റെ കരാര്‍ ഏജന്‍സിയും ചിപ്‌സണ്‍ ഏവിയേഷനായിരുന്നു.
മൂന്ന് വര്‍ഷത്തെ ഹെലികോപ്റ്റര്‍ വാടക കരാറിന്റെ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. ഹെലികോപ്റ്റര്‍ കരാര്‍ പുതുക്കുന്നതില്‍ സര്‍ക്കാരിന്റെ തീരുമാനം വരാനിരിക്കെയാണ് ചിപ്‌സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി തുക നല്‍കിയതെന്നതാണ് ഇപ്പോള്‍ വിവാദത്തിന് ഇടയാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഒരു വ്യവസായി യാത്രാച്ചെലവ് വഹിച്ചതെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഹെലികോപ്റ്റര്‍ കരാര്‍ പുതുക്കല്‍ സംബന്ധിച്ച നടപടികള്‍ നിലനില്‍ക്കെ സ്വകാര്യ ഏവിയേഷന്‍ കമ്പനി യാത്രാച്ചെലവ് വഹിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്.





