ഗാന്ധിനഗർ: ഗുജറാത്തിലെ കച്ചിലെ അഞ്ജാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് പലതവണ ബലാത്സംഗം ചെയ്തതായി പരാതി. സെപ്റ്റംബർ 15നും ഒക്ടോബർ 1നും ഇടയിൽ അഞ്ച് തവണ പിതാവ് തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഓരോ പീഡനങ്ങളും അമ്മയുടെ സാന്നിധ്യത്തിലായിരുന്നെന്നും അമ്മ തന്റെ നഗ്നചിത്രങ്ങൾ പകർത്തിയെന്നും പെൺകുട്ടി ആരോപിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തായ ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിയിൽ പറയുന്നു. സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് ഒരു മണിയോടെ പെൺകുട്ടി വീട്ടിലിരുന്ന് സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. അമ്മ ഇത് കാണുകയും ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു. അരമണിക്കൂറിന് ശേഷം ഉച്ചഭക്ഷണത്തിനായി ജോലിസ്ഥലത്തുനിന്ന് പിതാവ് വീട്ടിലെത്തി. മകൾ ഒരു ആൺകുട്ടിയുമായി ഫോണിൽ സംസാരിക്കുകയാണെന്നും ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും അമ്മ പിതാവിനോട് പറഞ്ഞതായി പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
തുടർന്ന് പിതാവ് തന്നെ മർദിക്കുകയും ഭക്ഷണവും വെള്ളവും നൽകാതിരിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തതായി പെൺകുട്ടി ആരോപിച്ചു. അന്ന് വൈകുന്നേരം ഭക്ഷണം നൽകിയില്ലെന്നും അർധരാത്രി വരെ മർദിച്ചെന്നും പരാതിയിൽ പറയുന്നു. സെപ്റ്റംബർ 15ന് പുലർച്ചെ ഒരു മണിയോടെ മാതാപിതാക്കൾ തന്നെ വീട്ടിലെ ഹാളിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ അഴിപ്പിക്കുകയും കട്ടിലിൽ കിടത്തുകയും ചെയ്തെന്നാണ് പെൺകുട്ടിയുടെ ആരോപണം. തുടർന്ന് അമ്മയുടെ മുന്നിൽവെച്ച് പിതാവ് തന്നെ ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു. അതിന് ശേഷം വീണ്ടും വീട്ടിൽ പൂട്ടിയിട്ടു.
സെപ്റ്റംബർ 16ന് പുലർച്ചെ രണ്ട് മണിയോടെയും സെപ്റ്റംബർ 17ന് പുലർച്ചെ രണ്ട് മണിയോടെയും സമാനമായ രീതിയിൽ പീഡനം ആവർത്തിച്ചതായും പെൺകുട്ടി ആരോപിച്ചു. മൂന്ന് ദിവസത്തോളം തന്നെ വീട്ടിൽ പൂട്ടിയിട്ടിരുന്നെന്നും സെപ്റ്റംബർ 20ന് പിതാവ് വീണ്ടും മർദിച്ചെന്നും പരാതിയിലുണ്ട്.
സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിയോടെ മാതാപിതാക്കൾ തന്നെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം അമ്മയുടെ സാന്നിധ്യത്തിൽ പിതാവ് വീണ്ടും പീഡിപ്പിച്ചതായും പെൺകുട്ടി ആരോപിച്ചു. രാവിലെ ഏഴ് മണിയോടെ സമീപത്തുള്ള ബന്ധുവിന്റെ വീട്ടിലെത്തിയ പെൺകുട്ടി ബന്ധുവിന്റെ ഫോണിൽനിന്ന് അടിയന്തര സഹായ നമ്പറായ 112ൽ വിളിച്ചു. മാതാപിതാക്കൾ തന്റെ ഫോൺ കൈക്കലാക്കി മുറിയിൽ പൂട്ടിയിടുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു.
ആദ്യത്തെ 112 കോൾ ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടിയാണ് വിളിച്ചതെന്ന് മാതാപിതാക്കൾ മനസിലാക്കിയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പോലീസ് പലതവണ തിരികെ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. പോകേണ്ട വിലാസം കൃത്യമായി ലഭ്യമല്ലാതിരുന്നതിനാൽ പോലീസ് മടങ്ങുകയായിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് നിലയിൽ തുടർന്നെന്നും പോലീസ് വ്യക്തമാക്കി.
ഇതിനിടെ വീണ്ടും അമ്മയുടെ സാന്നിധ്യത്തിൽ പിതാവ് പീഡിപ്പിച്ചെന്നും പെൺകുട്ടി പരാതിയിൽ ആരോപിച്ചു. പീഡനം നടക്കുന്നതിനിടെ അമ്മ തന്റെ നഗ്നചിത്രങ്ങൾ പകർത്തിയെന്നും പെൺകുട്ടി പറഞ്ഞു. ഒക്ടോബർ രണ്ടിന് രാവിലെ എട്ടുമണിയോടെ പിതാവ് ജോലിക്ക് പോയതിന് പിന്നാലെ രാവിലെ പത്തുമണിയോടെ പെൺകുട്ടി വീണ്ടും ബന്ധുവിന്റെ വീട്ടിലെത്തി. അവിടെനിന്ന് 112ൽ വിളിച്ച് പരാതി നൽകുകയും 181 അഭയം ഹെൽപ്‌ലൈൻ നമ്പറിലും ബന്ധപ്പെടുകയും ചെയ്തു. ഹെൽപ്‌ലൈൻ അധികൃതർ പെൺകുട്ടിയുടെ വീട്ടുവിലാസം രേഖപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെൺകുട്ടിയെ അഞ്ജാർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെവെച്ചാണ് പെൺകുട്ടി വിശദമായ പരാതി നൽകിയത്.
അഞ്ജാർ ഈസ്റ്റ് കച്ച് ഡിവൈഎസ്പി മുകേഷ് ചൗധരി സംഭവത്തെ അതീവ ഗുരുതരമായ സംഭവമെന്ന് വിശേഷിപ്പിച്ചു. പെൺകുട്ടിയെ സ്വന്തം മാതാപിതാക്കൾ ദിവസങ്ങളോളം വീട്ടിൽ പൂട്ടിയിടുകയും മർദിക്കുകയും ചെയ്തതായും അമ്മയുടെ സാന്നിധ്യത്തിൽ പിതാവ് പല ദിവസങ്ങളിലായി പീഡിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. അമ്മ തന്നെ പെൺകുട്ടിയുടെ നഗ്നചിത്രം പകർത്തിയതായും പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡിവൈഎസ്പി വ്യക്തമാക്കി. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.




