കോഴിക്കോട്: തൊട്ടിൽപ്പാലത്ത് കാലത്ത് സ്കൂളിൽ പോയ അധ്യാപികയായ യുവതിയെ കാണാതായിട്ടു ദിവസം 11 ആയിട്ടും തുമ്പുകണ്ടെത്താനാകാതെ പോലീസ്. മൊയിലോത്തറ സർക്കാർ എൽപി സ്കൂൾ അധ്യാപികയായ അനുമോളെ ഈ മാസം അഞ്ചിനു ജോലിക്കായി പോയ ശേഷമാണ് കാണാതായത്.
ഒരു സമയത്ത് തൊട്ടിൽപാലത്തെ അനു ടീച്ചർ വാർത്തകളിൽ നിറഞ്ഞിരുന്നത് ഗുരുതരമായ കരൾ രോഗത്തെ തുടർന്നു ഭർത്താവ് സുഭാഷിന്റെ കരളിന്റെ കഷ്ണവുമായി ജീവിതത്തിലേക്കു തിരികെ വന്ന വാർത്തയിലൂടെയായിരുന്നു. കഴിഞ്ഞ അഞ്ചിനു പതിവുപോലെ ജോലി ചെയ്യുന്ന സ്കൂളിലേക്കു പോയതാണു അനു. വൈകീട്ട് ക്ലാസ് കഴിഞ്ഞതിനുശേഷം തിരികെ വീട്ടിലെത്തിയില്ല. ഇതോടെ അന്നു വൈകീട്ടു തന്നെ കുടുംബം തൊട്ടിൽപാലം പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണു കുടുംബത്തിന്റെ പരാതി. പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ ഹൈക്കോടതിയിൽ ഹെബിയസ് കോർപ്പസ് ഹർജി നൽകി കാത്തിരിക്കുകയാണു കുടുംബം. ഇതിനിടെ നാദാപുരം ഡിവൈഎസ്പി മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. കാണാതാവുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ അനുവിനൊപ്പം വടകര തൊടന്നൂർ സ്വദേശിയെ കണ്ടിരുന്നതായും അതിൽ ദുരൂഹതയുണ്ടെന്നുമാണു കുടുംബവും സഹപ്രവർത്തകരും ആരോപിക്കുന്നത്. വടകര സ്വദേശി ലഹരിക്കേസിൽ നേരത്തെ അറസ്റ്റിലായ ആൾ കൂടിയാണ് അനുവിന്റെ കൂടെയുണ്ടായിരുന്നതെന്നും പറയപ്പെടുന്നു. അധ്യാപികയുടെ തിരോധാനത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്നതും അന്വേഷിക്കണെമന്ന ആവശ്യവും ഇപ്പോൾ ഉയർന്നിട്ടുണ്ട്.