കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മലപ്പുറം കാളികാവ് സ്വദേശികൾ സഞ്ചരിച്ച ഖലീഫ എന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും തിരികെ കാളികാവിലേക്ക് മടങ്ങുന്നതിനിടയിലാണ് മേലേ കൂമ്പാറക്കും മരഞ്ചാട്ടിക്കുമിടയിലെ വലിയ വളവിൽ വെച്ച് ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞത്.
അതേസമയം പ്രായമായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 18 പേരാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. കാളിക്കാവ് സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് പോലീസിൽ നിന്നുള്ള വിവരം. പരുക്കേറ്റവരെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രദേശവാസികളു , ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പരുക്കേറ്റവരിൽ ഒരാളെ ട്രാവലർ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.





