കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി കെ ഗോവിന്ദൻ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യ കെ പി രമണിക്കൊപ്പമാണ് ടികെ ഗോവിന്ദനെത്തിയത്. കോടിയേരിയുടെ കുടുംബാംഗങ്ങളുമായി ഗോവിന്ദൻ കൂടിക്കാഴ്ച്ച നടത്തി. കൂടാതെ കോടിയേരിയുടെ വീട്ടിലെ ഓർമ്മ ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു. ടികെ ഗോവിന്ദൻ്റെ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. അതേസമയം, പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് ആദ്യമാണ്. പാർട്ടിയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഗോവിന്ദൻ്റെ സന്ദർശനം.
ടികെ ഗോവിന്ദൻ്റേയും കുടുംബത്തിൻ്റേയും സന്ദർശത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബം പ്രതികരിച്ചു. ടികെ ഗോവിന്ദൻ്റേത് പെട്ടെന്നുള്ള സന്ദർശനമാണെന്നും അമ്മയെ വിളിച്ചാണ് അവർ എത്തിയതെന്നും മകൻ ബിനീഷ് കോടിയേരി പറഞ്ഞു. അച്ഛനുമായുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് അവർ വന്നത്. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ ബന്ധത്തിൻ്റെ പുറത്താണ് അവരെത്തിയതെന്നും ബിനീഷ് പ്രതികരിച്ചു.
എല്ലാ പാർട്ടി നേതാക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധമുണ്ട്. മാഷ് അങ്ങനെയൊരു നിലപാട് എടുത്തു. അതിന് ശേഷം ഇവിടെ വരണമെന്ന് തോന്നി. ഈ വീട്ടിൽ ആർക്കും വരാം. ആരെങ്കിലും വരാൻ പാടില്ലെന്ന് പറയാൻ പറ്റുന്ന വീടല്ലല്ലോ ഇത്. സ്വാഭാവികമായും ജനങ്ങൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന വീടാണ്. ഏത് വിഭാഗത്തിൽപെട്ട ആളുകൾക്കും വരാൻ കഴിയുന്ന വീടാണ്. വീട് ആരുടെ മുന്നിലും കൊട്ടിയടക്കാറില്ലെന്നും ബിനീഷ് പറഞ്ഞു. തോൽവിയെ കുറിച്ച് പാർട്ടി അന്വേഷിക്കേണ്ടതാണ്. ഇന്ന് സെക്രട്ടേറിയറ്റ് നടക്കുന്നുണ്ട്. മറ്റു കീഴ്ഘടകങ്ങളിലൂടെ അന്വേഷിക്കും. പാർട്ടി തിരുത്തേണ്ടപ്പോൾ തിരുത്തുമെന്നും ബിനീഷ് പറഞ്ഞു.
തികച്ചും വ്യക്തിപരമായതാണ് ടികെ ഗോവിന്ദൻ്റെ സന്ദർശനമെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി പറഞ്ഞു. കോടിയേരിയെ ഇന്നും ജനങ്ങൾ ആദരിക്കുന്നു. അദ്ദേഹത്തോട് സ്നേഹമുള്ള ആര് വീട്ടിൽ വന്നാലും സ്വീകരിക്കും. കൊടിയേരിയെ ഓർമ്മിക്കുന്നു എന്നതാണ് അടിസ്ഥാനം. വീട്ടിൽ വരുന്നവരെ വർഗവഞ്ചകരെന്ന് വിളിക്കില്ല. കോടിയേരിയോട് സ്നേഹമുള്ളവരാണ് ഇവിടെ വരുന്നത്. ആരെങ്കിലും പറയുന്നത് കേട്ട് അടിമയാവാൻ കഴിയില്ല. എനിക്ക് എൻ്റേതായ ശരികളുണ്ട്. മറ്റുള്ളവർ എന്ത് പറയുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. കോടിയേരിയുടെ വിയോഗം വ്യക്തിപരമായ വിടവാണ്. അത് മരണം വരെ അങ്ങനെ തന്നെയായിരിക്കുമെന്നും വിനോദിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


















































