ആലപ്പുഴ: കേരളത്തിൽ 2016 മുതൽ 2026 ജൂൺ വരെയുള്ള പത്തുവർഷത്തിനിടെ ആത്മഹത്യ ചെയ്തത് 96,809 പേരെന്ന് ആഭ്യന്തരവകുപ്പിന്റെ കണക്ക്. മരിച്ചവരിൽ 75,689 പേർ പുരുഷന്മാരാണ്. 21,109 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 11 പേരും ഇക്കാലയളവിൽ ജീവനൊടുക്കി. 2015-ൽ 7,598 ആയിരുന്ന ആത്മഹത്യകളുടെ എണ്ണം 2025-ൽ 10,480 ആയി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രായാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 50 വയസ്സിന് മുകളിലുള്ളവരാണ് ആത്മഹത്യ ചെയ്തവരിൽ കൂടുതലും. ഈ വിഭാഗത്തിൽ 46,586 പേരാണ് മരിച്ചത്. 30-നും 50-നും ഇടയിൽ പ്രായമുള്ള 30,547 പേരും 18-നും 30-നും ഇടയിൽ പ്രായമുള്ള 16,604 പേരും ജീവനൊടുക്കി. 18 വയസ്സിൽ താഴെയുള്ള 3,072 പേരും ആത്മഹത്യ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.
തൊഴിൽമേഖല തിരിച്ചുള്ള കണക്കുകളിലും ആശങ്കാജനകമായ വിവരങ്ങളുണ്ട്. പത്തുവർഷത്തിനിടെ 40,431 ദിവസവേതനക്കാരാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യസ്ഥാപനങ്ങളിലെ 12,136 ജീവനക്കാരും സർക്കാർ ജീവനക്കാരായ 1,067 പേരും ജീവനൊടുക്കി. 4,150 വിദ്യാർഥികളും ആറ് കർഷകരും ആത്മഹത്യ ചെയ്തിട്ടുണ്ട്. മറ്റ് തൊഴിൽവിഭാഗങ്ങളിൽപ്പെട്ട 39,019 പേരും ഈ പട്ടികയിലുണ്ട്.
ആത്മഹത്യാ പ്രവണത തടയുന്നതിനായി കൗൺസലിങ്, അടിയന്തരസഹായം, കമ്യൂണിറ്റി പൊലീസ് സംവിധാനം, ചിരി പ്രോജക്ട്, സൈബർ സെൽ നിരീക്ഷണം തുടങ്ങിയ ഇടപെടലുകൾ ആഭ്യന്തരവകുപ്പ് നടപ്പാക്കുന്നുണ്ട്.
പ്രണയനൈരാശ്യം, പരീക്ഷാത്തോൽവി, ഒറ്റപ്പെടൽ, രോഗങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ ഒരാളെ കടുത്ത മാനസിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. ഷാലിമ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ ആവശ്യമായ പിന്തുണയും സഹായസംവിധാനങ്ങളും ലഭ്യമാക്കേണ്ടത് പ്രധാനമാണ്. ജയവും തോൽവിയും ഒരുപോലെ ജീവിതപാഠങ്ങളായി കാണാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസരീതി മാറ്റത്തിന് സഹായിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.