കണ്ണൂർ: സാമ്പാർ കൂടുതൽ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ അഞ്ചാം ബ്ലോക്കിലെ ശിക്ഷാതടവുകാരനായ അമ്പലവയൽ പോത്തുകെട്ടിയിലെ രാമൻകുട്ടി (56)ക്കാണ് പരിക്കേറ്റത്. ഇതേ ബ്ലോക്കിലെ തടവുകാരനായ കിരൺരാജ് ഷെട്ടിയാണ് ആക്രമിച്ചത്.
ഞായറാഴ്ച രാവിലെ 6.40-ഓടെയായിരുന്നു സംഭവം. ഇഡ്ഡലിക്കൊപ്പം കൂടുതൽ സാമ്പാർ നൽകണമെന്ന് പ്രഭാതഭക്ഷണം വിളമ്പുകയായിരുന്ന രാമൻകുട്ടിയോട് കിരൺരാജ് ആവശ്യപ്പെട്ടു. എന്നാൽ എല്ലാ തടവുകാർക്കും തുല്യമായ അളവിൽ മാത്രമേ കറി നൽകാൻ പാടുള്ളൂവെന്ന് രാമൻകുട്ടി അറിയിച്ചു. ഇതിൽ പ്രകോപിതനായ കിരൺരാജ് രാമൻകുട്ടിയെ പിടിച്ചുതള്ളിയ ശേഷം സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് നെറ്റിയിൽ കുത്തുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ രാമൻകുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.






