കാഞ്ഞിരപ്പള്ളി: ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസിലാണ് ആക്രമണം നടന്നത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ നെബു സെൽവത്തിനെ പ്രസാദ് എന്നയാൾ കുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ബസിൽനിന്നിറങ്ങി ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മണ്ണാറക്കയം ഭാഗത്തുനിന്നും ബസിൽ കയറിയ പ്രസാദ് നെബുവിനെ ചീത്ത വിളിച്ചു കൊണ്ടു ക്യാബിനുള്ളിൽ കയറി കത്തി ഉപയോഗിച്ചു കുത്താൻ ശ്രമിച്ചെന്നാണ് കേസ്. ആക്രമിക്കാനായി കത്തി പേപ്പറിൽ പൊതിഞ്ഞാണ് പ്രസാദ് ബസിൽ എത്തിയതെന്നാണ് വിവരം. ബസ് നിർത്തി നെബു പുറത്തിറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നിൽ കുടുംബപ്രശ്നമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രസാദിനെ കോടതിയിൽ ഹാജരാക്കി.




