തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പാർട്ടി ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയതായി വെളിപ്പെടുത്തി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. കൃത്യമായ ഓഡിറ്റ് നടക്കുന്നതിനാലാണ് ക്രമക്കേടുകൾ കണ്ടെത്താനും നടപടിയെടുക്കാനും കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ചിലർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് പാർട്ടികളിൽ ഇത്തരത്തിൽ ഓഡിറ്റ് നടക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, സിപിഎം നടപടിയെടുത്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ബിജെപിയിൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വ്യത്യസ്ത നിലപാടുകളുണ്ടെന്ന സൂചനയും സുരേന്ദ്രന്റെ പ്രതികരണത്തിലുണ്ട്. ദിവ്യയെ സ്വാഗതം ചെയ്തെന്ന തരത്തിൽ പി.കെ. കൃഷ്ണദാസിന്റെ പേരിൽ വന്ന പരാമർശത്തെ അദ്ദേഹം തള്ളി.
“കൃഷ്ണദാസ് അങ്ങനെ പറയില്ല. പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല” – സുരേന്ദ്രൻ വ്യക്തമാക്കി. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കാൻ ഏറ്റവുമധികം ശ്രമിച്ചത് ബിജെപിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗവർണർ പദവിയിലേക്ക് പരിഗണിക്കപ്പെടാൻ തനിക്ക് പ്രായമായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. “എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. മുതിർന്ന നേതാവായിട്ടില്ല, ജൂനിയർ പ്രവർത്തകനാണ്. ഗവർണർ പദവി ആഗ്രഹിച്ചിട്ടുമില്ല.” രാജ്യസഭാ എംപി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അവിടെ ഒഴിവുണ്ടാകണമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചു.