ബെംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും ഭാര്യയുടെ ആറ് ബന്ധുക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ടാക്സി ഡ്രൈവർ പിടിയിൽ. ബെംഗളൂരുവിൽ നടന്ന കൂട്ടക്കൊലയിൽ ഇന്ദു ശേഖർ (45) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സുനിത, ഭർതൃമാതാവ് രൂപവതി, ഭാര്യാസഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിന്റെ ഏഴുവയസ്സുകാരനായ മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകങ്ങളെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആദ്യം ഭാര്യ സുനിതയെ കൊലപ്പെടുത്തിയശേഷം വീട്ടിൽ പാർട്ടിയുണ്ടെന്ന് പറഞ്ഞ് സുനിതയുടെ സഹോദരന്മാരെ ഇന്ദു ശേഖർ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. ഇവരെ കൊലപ്പെടുത്തിയതിനുപിന്നാലെ സഹോദരന്മാരുടെ ഭാര്യമാരെയും അമ്മായിയമ്മയെയും ഏഴുവയസ്സുകാരനെയും വിളിച്ചുവരുത്തി കൊലപ്പെടുത്തി.
അരക്കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിനുശേഷം മൃതദേഹങ്ങൾ സ്വന്തം വാഹനത്തിൽ കയറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും നന്ദി ഹിൽസ് ഉൾപ്പെടെയുള്ള വിജനമായ സ്ഥലങ്ങളിലേക്കും കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. വീടുകളിലെ രക്തക്കറകളും മറ്റ് തെളിവുകളും നശിപ്പിക്കാൻ രാസവസ്തുക്കൾ ഉപയോഗിച്ചതായും പോലീസ് വ്യക്തമാക്കി.
കുടുംബാംഗങ്ങളെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് കൂട്ടക്കൊലയുടെ വിവരം പുറത്തുവന്നത്. കൊല്ലപ്പെട്ട ഏഴുവയസ്സുകാരൻ പുനീതിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. മറ്റ് ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.