തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മന്ത്രിമാർ തമ്മിലുള്ള തർക്കം ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന പരിഹാസത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യമാണിത്. പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നത്? ആ സൗന്ദര്യം ആസ്വദിച്ചുനിന്നാൽ പോരേ? പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ മുന്നോട്ടുപോകും?” എം.വി. ഗോവിന്ദൻ ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ സൈബർ ആക്രമണം മുഴുവൻ കെ.സി. പക്ഷത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഭരിക്കുന്നത് പവർ ഗ്രൂപ്പാണെന്നും മന്ത്രിസഭയിലെ ഏറ്റുമുട്ടൽ മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. കെപിസിസി പ്രസിഡന്റിനും വർക്കിങ് പ്രസിഡന്റിനുമെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. കോൺഗ്രസ് രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരിക്കുകയാണ്. കെ.സി. പക്ഷം, വി.ഡി. പക്ഷം എന്നിങ്ങനെയാണ് പാർട്ടിയിലെ വിഭജനമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഭരണസ്തംഭനമാണ്. ആറുമാസംകൊണ്ട് സ്ഥിതി ഇത്രത്തോളമായി. ഉദ്യോഗസ്ഥർക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടും. പരസ്പരം അവിശ്വാസമുള്ള മന്ത്രിസഭ കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടുകൊണ്ടുപോകും. മുഖ്യമന്ത്രി തന്നെ പരാതിയുമായി ഹൈക്കമാൻഡിലേക്ക് പോകുന്ന സ്ഥിതിയാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
രാഹുൽ ഗാന്ധിയുടെ സാമൂഹികമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് മെറ്റയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. കേരളത്തിൽ എന്താണ് നടക്കുന്നത്? സർക്കാർ സംവിധാനം ഉപയോഗിച്ച് എതിരാളികളുടെ പോസ്റ്റുകൾ നീക്കം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ്–ബിജെപി ബന്ധം ഒരു മാപ്പുകൊണ്ട് തീരാവുന്നതേയുള്ളൂ. ഇരുകൂട്ടർക്കും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോകാൻ യാതൊരു പ്രയാസവുമില്ല. പിഎം ശ്രീ വിഷയത്തിൽ ഒപ്പുവെച്ചത് അടഞ്ഞ അധ്യായമാണ്. ശിവൻകുട്ടിയുടെ അഭിപ്രായം തള്ളുന്നുണ്ടോ എന്ന ചോദ്യത്തിന്, അടഞ്ഞ അധ്യായമെന്ന് പറഞ്ഞതിൽ എല്ലാമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വൈദ്യുതി കരാർ, വിഇഎച്ച് ഇടപാട് എന്നിവയിൽ മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. യൂണിറ്റിന് 12.55 രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയത്. യഥാർഥ വില മൂന്നു രൂപയാണ്. ഇത് അഴിമതിയുടെ ഭാഗമാണ്. സംഘപരിവാർ ശക്തികൾക്ക് മുഴുവൻ സ്കൂളുകളിലും പ്രവേശിക്കാൻ സൗകര്യമൊരുക്കുന്ന ഒന്നായാണ് മയിൽപ്പീലി സ്കോളർഷിപ്പിനെ കാണേണ്ടത്. ആർഎസ്എസിന് കീഴടങ്ങിയതിനുശേഷമാണ് പദ്ധതി പിൻവലിച്ചതെന്ന് മന്ത്രി പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തലക്കെട്ടുകൾ