ഹൈദരാബാദ്: ദുർഗാ പൂജയോടനുബന്ധിച്ച് അന്നപ്രസാദം വിതരണം ചെയ്ത സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പ്രസാദത്തിലേക്കു മീൻ കഴുകിയ വെള്ളവും മീൻ അവശിഷ്ടങ്ങളും ഒഴിച്ചെന്ന ആരോപണം. സംഭവത്തിൽ കേസെടുത്ത പോലീസ് യുവതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹൈദരാബാദിലെ ആർ.കെ. പുരം, സൈനിക്പുരി മേഖലയിലാണ് സംഭവം.
നേരെഡ്മെറ്റ് പോലീസിന്റെ വിശദീകരണമനുസരിച്ച്, പ്രദേശത്തെ ഒരു ക്ഷേത്രത്തിന് മുന്നിൽ സ്ത്രീകൾ അന്നപ്രസാദം വിതരണം ചെയ്തുവരികയായിരുന്നു. ഇതിനായി യുവതിയുടെ വീടിന് പുറത്തുള്ള റോഡിൽ മേശകളും സ്ഥാപിച്ചിരുന്നു. പ്രദേശത്തെ ഏക മുസ്ലിം കുടുംബം ഈ യുവതിയുടേതാണെന്നാണ് റിപ്പോർട്ട്.
വീടിന് പുറത്തുള്ള റോഡിൽ മേശകൾ സ്ഥാപിക്കുന്നതിനെ യുവതി എതിർത്തതോടെയാണ് തർക്കം ആരംഭിച്ചത്. അവിടെ മേശകൾ സ്ഥാപിക്കരുതെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും സ്ത്രീകൾ മറുപടി നൽകിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി.
തർക്കത്തിന് പിന്നാലെ, വീടിന്റെ ഒന്നാം നിലയിൽനിന്ന് അന്നപ്രസാദം വിതരണം ചെയ്തിരുന്ന സ്ഥലത്തേക്ക് മീൻ കഴുകിയ വെള്ളവും മീൻ അവശിഷ്ടങ്ങളും യുവതി ഒഴിച്ചെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 196, 299, 351, 352 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് നേരെഡ്മെറ്റ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വെങ്കടയ്യ സിയാസത്ത് പറഞ്ഞു. കേസിൽ തുടർനടപടികൾ സ്വീകരിച്ച പോലീസ് യുവതിയെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു.