ന്യൂഡൽഹി: യമുന എക്സ്പ്രസ് വേയിൽ യാത്രയ്ക്കിടെ ബസിന് തീപിടിച്ച് ഒരു സ്ത്രീയും മകനും ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. ബസിൽ കത്തുന്ന മണം അനുഭവപ്പെട്ടതായി തീപിടിത്തത്തിന് മിനിറ്റുകൾക്ക് മുമ്പ് യാത്രക്കാർ ഡ്രൈവറെയും കണ്ടക്ടറെയും അറിയിച്ചിരുന്നെങ്കിലും പരാതികൾ അവഗണിച്ചതായാണ് എഫ്ഐആറിലെ വിവരം.
മഹോബ ബിജെപി ജില്ലാ ട്രഷറർ നീരജ് ഗുപ്തയുടെ ഭാര്യ സുനിതയും മകൻ ശശാങ്കും മരിച്ചവരിൽ ഉൾപ്പെടുന്നു. ചരഖാരി പട്ടണത്തിലെ രാജ്മന്ദിർ മേഖലയിലാണ് കുടുംബം താമസിച്ചിരുന്നത്. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സുനിത ബസിന്റെ അവസാന സീറ്റിലായിരുന്നു ഇരുന്നത്. ബസിന്റെ മുൻഭാഗത്ത് തീപടർന്നതോടെ ഡ്രൈവർ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. അമ്മയെ രക്ഷിക്കാൻ ശശാങ്ക് ശ്രമിച്ചെങ്കിലും സുനിതയുടെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഇരുവർക്കും വേഗത്തിൽ പുറത്തുകടക്കാനായില്ല. ഇതിനിടെ കനത്ത പുക ശ്വസിച്ച് ഇരുവരും കുഴഞ്ഞുവീഴുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.
ഇരുവരുടെയും മൃതദേഹങ്ങൾ ഗുരുതരമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മുൻ എംപി പുഷ്പേന്ദ്ര സിങ് ചന്ദേൽ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മരണവിവരമറിഞ്ഞ് കുടുംബത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
എഫ്ഐആർ പ്രകാരം അപകടത്തിന് മുമ്പ് തന്നെ ബസിനുള്ളിൽ ഡ്രൈവറും കണ്ടക്ടറും പുകവലിക്കുന്നതിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇരുവരും പരാതികളെ പരിഹസിക്കുകയും യാത്രക്കാർ മിണ്ടാതിരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നാണ് ആരോപണം.
തുടർന്ന് ബസിനുള്ളിൽ കത്തുന്ന മണം അനുഭവപ്പെട്ടു. യാത്രക്കാർ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞു. എന്നാൽ ബസിനുള്ളിൽ സാധാരണയായി ഉണ്ടാകുന്ന മണമാണിതെന്ന് പറഞ്ഞ് ഡ്രൈവറും കണ്ടക്ടറും ആശങ്ക തള്ളിക്കളഞ്ഞു. പല തവണ വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ ബസ് നിർത്തിയില്ലെന്നും പുകവലി തുടരുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ഏതാനും മിനിറ്റുകൾക്കകം ബസിന്റെ മുൻഭാഗത്ത് തീപടർന്നു. യാത്രക്കാർ നിലവിളിച്ചപ്പോൾ ഡ്രൈവർ “നിങ്ങൾ മരിച്ചാലും എനിക്ക് പ്രശ്നമില്ല, ഞാൻ ബസ് നിർത്തില്ല” എന്ന് പറഞ്ഞതായും എഫ്ഐആറിൽ ആരോപിക്കുന്നു.
ബിഹാറിൽ രജിസ്റ്റർ ചെയ്ത ബസ് ഡൽഹിയിൽനിന്ന് മഹോബയിലേക്ക് പോകുകയായിരുന്നു. 35ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ അതിവേഗം പടർന്നതോടെ ബസ് പൂർണമായും അഗ്നിക്കിരയായി. കനത്ത പുക നിറഞ്ഞതിനാൽ യാത്രക്കാർക്ക് രക്ഷപ്പെടാൻ വലിയ ബുദ്ധിമുട്ടുണ്ടായി. അപകടത്തിൽ ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ ബസിന്റെ എയർ കണ്ടീഷനിങ് സംവിധാനത്തിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. എസി സംവിധാനത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് എൻജിനിലെ ലൂബ്രിക്കേറ്റിങ് ഓയിൽ തീപിടിക്കുകയും തീ അതിവേഗം പടരുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറും കണ്ടക്ടറും തീപിടിത്തത്തിൽനിന്ന് രക്ഷപ്പെട്ടു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, ബസിന്റെ രേഖകൾ പരിശോധിച്ചപ്പോൾ വിവിധ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 60ലധികം പിഴകൾ വാഹനത്തിന് ഉണ്ടായിരുന്നതായും കണ്ടെത്തി. ഇതിൽ 20 പിഴകൾ ഇപ്പോഴും അടച്ചിട്ടില്ല. BR32PA8647 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ബസിന് ആകെ 1.7 ലക്ഷം രൂപയിലധികം പിഴ കുടിശ്ശികയുണ്ടെന്നും വാഹന വിവര രേഖകൾ വ്യക്തമാക്കുന്നു. അപകടത്തിന്റെ സാഹചര്യങ്ങളും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുമടക്കം പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.




