കൊച്ചി: കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിനുശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവും വെള്ളിയും തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം നടത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (KGSMA) ഇന്നത്തെ (നവംബർ 24) ബോർഡ് നിരക്കനുസരിച്ച് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 115 രൂപ വർധിച്ച് 11,715 രൂപയായി. പവന് 920 രൂപ ഉയർന്ന് 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപ വർധിച്ച് 9,585 രൂപയും പവന് 720 രൂപ ഉയർന്ന് 76,680 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ കൂടി 7,505 രൂപയും പവന് 600 രൂപ വർധിച്ച് 60,040 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ ഉയർന്ന് 4,845 രൂപയും പവന് 400 രൂപ വർധിച്ച് 38,760 രൂപയുമായി. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 175 രൂപയും 10 ഗ്രാമിന് 1,750 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വില കുറഞ്ഞപ്പോൾ നിക്ഷേപകർ നടത്തിയ വാങ്ങലും ആഗോള ഓഹരി വിപണികളിലെ മുന്നേറ്റവുമാണ് ഈ തിരിച്ചുകയറ്റത്തിന് പ്രധാന പിന്തുണയായത്. എന്നാൽ ഈ മുന്നേറ്റത്തിന്റെ തുടർച്ച നിർണയിക്കുക അമേരിക്കയുടെ സാമ്പത്തിക സൂചികകളായിരിക്കും. ഫെഡറൽ റിസർവിന്റെ പലിശനയവും ഡോളറിന്റെ മൂല്യവും അമേരിക്കൻ ട്രഷറി യീൽഡും സ്വർണ്ണവിലയെ സ്വാധീനിക്കും. ബുധനാഴ്ച പുറത്തുവരുന്ന PCE പണപ്പെരുപ്പ കണക്കുകൾ പലിശനിരക്കുകളെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകളിൽ നിർണായക മാറ്റമുണ്ടാക്കാമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ സംഘർഷസാധ്യതയും റഷ്യ-യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും സ്വർണ്ണവിപണിയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.
ചുരുക്കത്തിൽ, കഴിഞ്ഞ ദിവസങ്ങളിലെ തിരിച്ചുകയറ്റം വിപണിക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും സ്വർണ്ണത്തിന്റെ അടുത്ത നീക്കം അമേരിക്കയുടെ സാമ്പത്തിക കണക്കുകൾ, ഡോളറിന്റെ ഗതി, ഫെഡറൽ റിസർവിന്റെ നിലപാട് എന്നിവയെ ആശ്രയിച്ചായിരിക്കും.